മലപ്പുറം: മലപ്പുറം പന്തല്ലൂർ കടമ്പോട് ഓടിക്കൊണ്ടിരുന്ന ലോറിയുടെ മുകളിൽ മരം ഒടിഞ്ഞ് വീണു. വൈദ്യുതി ലൈനിലേക്ക് വീണ ശേഷമാണ് മരം ലോറിയുടെ മുകളിൽ പതിച്ചത്. നാല് വൈദ്യുത പോസ്റ്റുകളും തകർന്ന് വീണു. അപകടത്തിൽ സമീപത്ത് ബസ് കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥിക്ക് പരിക്കേറ്റു.

തകർന്നു വീണ വൈദ്യുത പോസ്റ്റിന്റെ ഭാഗം കാലിൽ വീണാണ് പരിക്കേറ്റത്. വിദ്യാർത്ഥിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഒരു മണിക്കൂർ നേരമാണ് ഗതാഗതം മുടങ്ങിയത്. തുടർന്ന് മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

മരം വെട്ടിമാറ്റണമെന്ന് അധികൃതരെ നേരത്തെ അറിയിച്ചിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഇതുസംബന്ധിച്ച് നാല് വർഷത്തോളമായി പരാതി നൽകിയിരുന്നെന്നും ഇതേ അവസ്ഥയിൽ ഇനിയും മരങ്ങളുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.

മരക്കൊമ്പ് ഒടിഞ്ഞുവീഴാറായി നിൽക്കുന്ന സാഹചര്യത്തിൽ ഈ ഭാഗത്തേക്ക് വണ്ടി കടത്തിവിടരുതെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇതറിയാതെയാണ് ലോറി വന്നത്. സമീപത്തെ കടയിൽനിന്ന് ഇറങ്ങുന്നതിനിടെയാണ് വിദ്യാർത്ഥിക്ക് പരിക്കേറ്റതെന്നും നാട്ടുകാർ പറഞ്ഞു. അപകടത്തിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തി മരം വെട്ടിമാറ്റാൻ നടപടി ആരംഭിച്ചു.