വാഗമൺ: ഒറ്റമുറി വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന അന്നമ്മയ്ക്ക് ലഭിച്ചത് 49,710 രൂപയുടെ വമ്പൻ കറന്റ് ബിൽ. രണ്ടുമാസം കൂടുമ്പോൾ പരമാവധി 400 രൂപ മാത്രം വൈദ്യുതി ബിൽ അടച്ചിരുന്നിടത്താണ് അരലക്ഷം രൂപയുടെ ബിൽ നൽകിയത്. ബില്ല് കണ്ടതോടെ വട്ടപ്പതാൽ സ്വദേശി അന്നമ്മ ഞെട്ടി. പരാതി പറഞ്ഞിട്ടും, ബിൽത്തുക അടച്ചില്ലെന്ന കാരണത്താൽ ബോർഡ് വൈദ്യുതി കണക്ഷൻ വിഛേദിച്ചു.

അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞൊഴിയുമ്പോൾ കനത്ത മഴയിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ കഴിയുകയാണ് ഈ വീട്ടമ്മ. കുറച്ചുനാൾ മുൻപ് ഇടിമിന്നലിൽ വീട്ടിലെ മീറ്റർ കേടായിരുന്നു. പരാതിപ്പെട്ടതിനെത്തുടർന്നു മീറ്റർ മാറ്റിവച്ചു. തുടർന്നാണ് അരലക്ഷം രൂപയോളം വരുന്ന ബിൽ ലഭിച്ചത്. എഴുപത്തിനാലുകാരിയായ അന്നമ്മ കൂലിപ്പണി ചെയ്താണു ജീവിക്കുന്നത്. ഏകമകൾ വിവാഹിതയാണ്. ഭർത്താവ് വർഷങ്ങൾക്കു മുൻപു മരിച്ചതിനു ശേഷം ഒറ്റയ്ക്കാണു താമസം.