- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കിണറ്റിൽ പുലി വീണു; മുളയേണി വെച്ച് രക്ഷപ്പെടുത്തി വനപാലകർ
അതിരപ്പിള്ളി: കിണറ്റിൽ വീണ പുലിയെ വനപാലകരെത്തി മുളയേണി വെച്ചു നൽകി രക്ഷപ്പെടുത്തി. അതിരപ്പിള്ളിക്കടുത്ത് കണ്ണൻകുഴിയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. കണ്ണൻകുഴിയിൽ ചാലക്കുടി മുൻ ബ്ലോക്ക് പഞ്ചായത്തംഗവും സിപിഎം. നേതാവുമായ പിടക്കേരി ഷിബുവിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. ഉടൻ വനപാലകരെ വിവരം അറിയിച്ചു. 10 അടിയിലേറെ താഴ്ചയുള്ള, വെള്ളമുള്ള കിണറ്റിൽ വീണ പുലിയെ മയക്കു വെടിവെച്ചോ വലയിട്ടോ പിടികൂടാൻ സാധിക്കില്ലെന്ന് മനസ്സിലായതോടെ ഏണി വെച്ച് നൽകുക ആയിരുന്നു.
അസാധാരണമായൊരു രക്ഷാപ്രവർത്തനത്തിനാണ് ഇന്നലെ അതിരപ്പള്ളി സാക്ഷിയായത്. ഷിബുവിന്റെ വളർത്തു നായയെ പിടിക്കാൻ വന്ന പുലിയാണ് കിണറ്റിൽ വീണത്. കിണറിനു ചുറ്റും കുരച്ച് നായ ഓടിനടക്കുന്നതുകണ്ട് വീട്ടുകാർ എഴുന്നേറ്റ് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. ഉടനെത്തന്നെ കണ്ണൻകുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരെ വിവരമറിയിച്ചു. ചാർപ്പ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി.ടി. രാജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ചാലക്കുടിയിലെ ഫോറസ്റ്റ് രക്ഷാസംഘത്തെ അവർ വിവരമറിയിച്ചു.
കിണർ നിറഞ്ഞുകിടന്നിരുന്നതിനാൽ മയക്കുവെടിവെച്ച് പിടികൂടുന്നത് പുലിയുടെ ജീവന് ഭീഷണിയാകുമെന്ന് സംഘം വിലയിരുത്തി. വലയിട്ട് പിടികൂടാനും ബുദ്ധിമുട്ടായി. ഇതോടെയാണ് മരത്തിൽ കയറുന്ന പുലി ഏണിയിലൂടെ കയറാൻ സാധ്യതയുണ്ടെന്ന തിരിച്ചറിവിൽ രക്ഷാസംഘം മുളയേണി കിണറ്റിലിറക്കി പരീക്ഷിച്ചത്. പുലിക്ക് കാര്യമായ പരിക്കും ഉണ്ടായിരുന്നില്ല.
പുലർച്ചെയായതിനാൽ സ്ഥലത്ത് ആളും ആരവവും ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായി. ഏണി കിണറ്റിലേക്കിറക്കിവെച്ച് വൈകാതെ പുലി മുകളിലേക്ക് കയറി തൊട്ടടുത്തുള്ള വനത്തിലേക്ക് ഓടിരക്ഷപ്പെട്ടു. ഏകദേശം 10 വയസ്സുള്ള പുലിയാണ് കിണറ്റിൽ വീണതെന്ന് വനപാലകർ പറഞ്ഞു.
വനംവകുപ്പിലെ ചാലക്കുടി റാപ്പിഡ് റെസ്‌ക്യൂ ടീമിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. പ്രദീപ്കുമാർ, വാച്ചർ ഡിജിത്ത് ദിവാകർ, കണ്ണൻകുടി സ്റ്റേഷനിലെ ബീറ്റ് ഓഫീസർമാരായ ജെ. ടിനോ, സുനിൽകുമാർ, ബിജേഷ്, ബിനു എന്നിവരാണ് വേറിട്ട രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.