തൃശ്ശൂർ: വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. വെള്ളിയാഴ്ച തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ എത്തുന്നതിനു തൊട്ടുമുൻപാണ് കല്ലേറുണ്ടായത്. കല്ലേറിൽ സി 2, സി 4 കോച്ചുകളുടെ ചില്ല് പൊട്ടി. ആർക്കും പരിക്കില്ല. രണ്ടുതവണ കല്ലെറിഞ്ഞതായാണ് സൂചന. രാവിലെ 9.30 ഓടെയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് പോകുന്ന 20634 നമ്പർ ട്രെയിനിനാണ് കല്ലെറിഞ്ഞത്.

മാനസികവെല്ലുവിളി നേരിടുന്ന യുവാവാണ് ട്രാക്കിൽനിന്ന് കല്ലെടുത്തെറിഞ്ഞത്. ഇയാളെ പിടികൂടി കേസെടുത്തശേഷം മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കല്ലേറുണ്ടായെങ്കിലും സ്റ്റേഷനിൽ നിർത്തിയിടാതെ കൃത്യസമയത്ത് പുറപ്പെട്ടു. റെയിൽവേ പൊലീസും ആർ.പി.എഫും ഉടൻ സ്ഥലത്തെത്തി. പിടികൂടിയ ആൾ തമിഴും മലയാളവും കലർന്ന ഭാഷയിൽ പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്. അതിനാൽ പൊലീസിന് മേൽവിലാസം കണ്ടെത്താനായില്ല.

കഴിഞ്ഞ വർഷം ഏപ്രിലിൽ തിരൂരിനും താനൂരിനുമിടയിൽ കമ്പിനിപ്പടിയിലാണ് ആദ്യം കല്ലേറുണ്ടായത്. മെയ് മാസം കണ്ണൂർ വളപട്ടണത്തും എറണാകുളം ചോറ്റാനിക്കര കുരീക്കാടും കല്ലേറുണ്ടായി.