മഞ്ചേരി: കള്ള് കടംനൽകാത്തതിലുള്ള വിരോധംമൂലം ഷാപ്പിലെ വിൽപ്പനക്കാരനെ കഴുത്തറുത്തു കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവിനെ പത്തുവർഷം കഠിനതടവിനും 51,500 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. അങ്ങാടിപ്പുറം ചെരക്കാപ്പറമ്പ് വലിയവീട്ടിപ്പടി പാതാരി വീട്ടിൽ താജുദീനെ (40)യാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജി എ.വി. ടെല്ലസ് ശിക്ഷിച്ചത്.

2019 മാർച്ച് 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുഴക്കാട്ടിരി കള്ളുഷാപ്പിലെ വിൽപ്പനക്കാരനായ പുഴക്കാട്ടിരി ആൽപ്പാറ വീട്ടിൽ സത്യനെയാണ് കൊല്ലാൻ ശ്രമച്ചത്. പ്രതി സത്യനോട് പണംനൽകാതെ കള്ള് ആവശ്യപ്പെട്ടു. സത്യൻ കള്ളു നൽകിയില്ല. കുപിതനായ പ്രതി ഇറങ്ങിപ്പോയി ബ്ലേഡുമായി തിരികെയെത്തി, കസേരയിൽ ഇരിക്കുകയായിരുന്ന സത്യനെ പിറകിലൂടെ പിടിച്ച് കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചുവെന്നാണ് കേസ്.

സത്യന്റെ സഹോദരൻ ചന്ദ്രബാബുവിന്റെ പരാതിയിലാണ് കേസെടുത്തത്. വധശ്രമം, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വിവിധ വകുപ്പുകളിലായാണു ശിക്ഷ. തടവുശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.

കൊളത്തൂർ പൊലീസ് സബ് ഇൻസ്‌പെക്ടറായിരുന്ന ഒ.വി. മോഹൻദാസ് രജിസ്റ്റർചെയ്ത കേസിൽ സംഭവദിവസംതന്നെ പ്രതിയെ അറസ്റ്റുചെയ്തിരുന്നു. സബ് ഇൻസ്‌പെക്ടർ എം.കെ. ജോയി അന്വേഷണം നടത്തിയ കേസിൽ പൊലീസ് ഇൻസ്‌പെക്ടർ ആർ. മധു തുടരന്വേഷണംനടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. ഷാജു 13 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.