കാസർകോട്: കാലവർഷം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്ത് 27 ശതമാനം മഴ കുറവ്. 120.6 മില്ലിമീറ്റർ പെയ്യേണ്ടിടത്ത് 87.8 മില്ലി മീറ്ററാണ് കേരളത്തിൽ ഇതുവരെ പെയ്തത്.

മൂന്ന് ജില്ലകളിൽ മാത്രമാണ് കാലവർഷത്തിന്റെ തുടക്കത്തിൽ ഭേദപ്പെട്ട മഴ ലഭിച്ചത്. തൃശൂർ, കോട്ടയം, മലപ്പുറം ജില്ലകളിലാണിത്. തൃശ്ശൂരിൽ സാധാരണ പെയ്യേണ്ട മഴയേക്കാൾ 32 ശതമാനം അധിക മഴയാണ് രേഖപ്പെടുത്തിയത്. 140.4 മില്ലിമീറ്റർ പെയ്യേണ്ടിടത്ത് 184.7 മി.മീറ്ററാണ് പെയ്തത്. 144.6 മില്ലിമീറ്റർ പെയ്യേണ്ട കോട്ടയത്ത് 153.3 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആറുശതമാനം അധികം. 106.9 മില്ലിമീറ്റർ പെയ്യേണ്ട മലപ്പുറത്ത് അഞ്ചുശതമാനം വർധിച്ച് 112.6 മില്ലിമീറ്റർ മഴയാണ് കിട്ടിയത്. ബാക്കിയുള്ള എല്ലാ ജില്ലകളിലും മഴ കുറവാണ്.

സാധാരണയായി കാലവർഷ മഴ കൂടുതൽ ലഭിക്കുന്നത് വടക്കൻ ജില്ലകളിലാണ്. എന്നാൽ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ലഭിക്കേണ്ട മഴയുടെ പകുതിപോലും ഇതുവരെ ലഭിച്ചിട്ടില്ല. കൊല്ലത്ത് 66-ഉം തിരുവനന്തപുരത്ത് 73-ഉം ശതമാനം മഴയുടെ കുറവുണ്ട്. രണ്ട് ജില്ലകളിലും 30 മില്ലീമീറ്റർ മഴ പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ചക്രവാതച്ചുഴി, ന്യുനമർദ പാത്തിയുടെ സ്വാധീനം എന്നിവ കാരണം വരുംദിവസങ്ങളിൽ കേരളതീരത്ത് കാലവർഷക്കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണം.