കട്ടപ്പന: വയോധികയുടെ സംസ്‌കാരച്ചടങ്ങിനിടെ നിയന്ത്രണംവിട്ടെത്തിയ ജീപ്പ് ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. രണ്ടു പേർക്കു പരുക്കേറ്റു. ഉപ്പുകണ്ടം നെല്ലംപുഴയിൽ സ്‌കറിയ വർക്കി (78) ആണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപ്പുകണ്ടം കൊറ്റനിക്കൽ മറിയക്കുട്ടിയുടെ സംസ്‌കാരച്ചടങ്ങുകൾ നടക്കുന്നതിനിടെ ഇന്നലെ വൈകിട്ട് മൂന്നിനാണ് അപകടം.

ഇറക്കമിറങ്ങി വരുകയായിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് ആളുകൾക്ക് ഇടയിലേക്ക് പാഞ്ഞെത്തുകയായിരുന്നു. സ്‌കറിയയുടെ ദേഹത്തുകൂടി കയറിയിറങ്ങിയ വാഹനം മറ്റുരണ്ടുപേരെയും ഇടിച്ചശേഷമാണ് നിന്നത്. മൃതദേഹം പള്ളിയിലേക്കു കൊണ്ടുപോകാൻ എത്തിച്ച ആംബുലൻസിന്റെ ഡ്രൈവർ എഴുകുംവയൽ തറപ്പേൽ നിതിൻ ടി.ജോസഫ് (31), ഉപ്പുകണ്ടം ചൂരക്കാട്ട് ജോർജ് (56) എന്നിവർക്കാണ് പരുക്കേറ്റത്.

സംസ്‌കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ ഒട്ടേറെപ്പേർ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും മഴ പെയ്തതോടെ അവരെല്ലാം റോഡിൽ നിന്നു മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പരുക്കേറ്റ മൂവരെയും ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്‌കറിയ മരിച്ചു.

സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: സിസ്റ്റർ സിജി (രാജ്കോട്ട്, ഗുജറാത്ത്), സോഫിയ, സോണിയ, ജോബി. മരുമക്കൾ: ബിൻസി, ബിനോയി, ബിന്ദു.