കണ്ണൂർ: ചെക്‌പോസ്റ്റിൽ പരിശോധനയ്ക്കായി കാറിൽ കയറിയ എക്‌സൈസ് പ്രിവന്റീവ് ഓഫിസറെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെ മലപ്പുറത്തു നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെ (26)യാണു പിടികൂടിയത്. എക്‌സൈസ് ഉദ്യോഗസ്ഥനുമായി ഇയാൾ കടന്നു കളഞ്ഞ കാർ കോഴിക്കോട്ടുനിന്നു കസ്റ്റഡിയിലെടുത്തു.

ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 50 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി ദമ്പതികളടക്കം നാലു പേർകൂടി പിടിയിലായി. മലപ്പുറം പുളിക്കൽ സ്വദേശികളായ എട്ടൊന്ന് വീട്ടിൽ ഷഫീഖ് (32), ഭാര്യ സൗദ (28), ചേലേമ്പ്ര പുല്ലിപ്പറമ്പിലെ വി.കെ.അഫ്‌നാനുദ്ദീൻ (22), പുളിക്കൽ സിയാകണ്ടം പുള്ളിയൻവീട്ടിൽ മുഹമ്മദ് ഷാഹിദ് (28) എന്നിവരാണ് അറസ്റ്റിലായത്. വൻ ലഹരിമരുന്ന് ശേഖരമാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. 685 ഗ്രാം മെത്താഫിറ്റമിനാണ് പിടിച്ചെടുത്തത്. ഇതിന് 50 ലക്ഷം രൂപ വില വരും.

വ്യാഴാഴ്ച പുലർച്ചെ 2.25ന് കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെയാണ് പ്രിവന്റീവ് ഓഫിസർ ഷാജി അളോക്കനെ യാസർ തട്ടിക്കൊണ്ടുപോയത്. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ കെ.കെ.ഷാജിയെ കാറിൽനിന്നു തള്ളിയിടുകയും ചെയ്തു. മൂന്നു കിലോമീറ്റർ പിന്നിട്ട ശേഷം കാറിന്റെ വേഗം കുറഞ്ഞപ്പോൾ ഷാജി അളോക്കൻ ചാടി രക്ഷപ്പെടുകയായിരുന്നു.

നിർത്താതെപോയ കാറിനെ എക്‌സൈസ് പൊലീസ് സംഘം പിന്തുടർന്നു. കാർ കോഴിക്കോട്ട് ഉപേക്ഷിച്ച ശേഷം പ്രതി മലപ്പുറത്തേക്കു കടക്കുകയായിരുന്നു. മലപ്പുറം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷൽ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് സംഘത്തെ പിടിച്ചത്.