രാജാക്കാട്: അതിഥിത്തൊഴിലാളികളായ ദമ്പതിമാരുടെ മൂന്നുവയസ്സുള്ള കുട്ടിയെ താമസ സ്ഥലത്തു നിന്നും കാണാതായി. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഒന്നരക്കിലോമീറ്റർ അകലെനിന്നും കുട്ടിയെ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജനപ്രതിനിധികളും നാട്ടുകാരും രംഗത്തെത്തി. എന്നാൽ സംഭവത്തിൽ യാതൊരു ദുരൂഹതയുമില്ലെന്ന് ശാന്തൻപാറ പൊലീസ് പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്ക് 12-നാണ് കുട്ടിയെ കാണാതായത്. മധ്യപ്രദേശ് സ്വദേശികളായ ദമ്പതിമാരുടെ മകളെ എസ്റ്റേറ്റ് പൂപ്പാറയ്ക്ക് സമീപത്തുനിന്നുമാണ് കാണാതായത്. സംഭവസമയം കുട്ടിയുടെ മാതാപിതാക്കൾ എസ്റ്റേറ്റിലെ പണിസ്ഥലത്തായിരുന്നു. സമീപമുള്ള മറ്റ് കുട്ടികൾക്ക് ഒപ്പം കളിക്കുകയായിരുന്ന കുട്ടിയെ ഇതിനിടയിൽ കാണാതാവുക ആയിരുന്നു.

വീട്ടിലേക്കുപോയ കുട്ടി വഴിതെറ്റി മറ്റൊരു വീട്ടിൽച്ചെന്നുകയറുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ വീട്ടുകാർ വിളിച്ചറിയച്ചതിനെ തുടർന്ന് പൊലീസെത്തി കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. അച്ഛനമ്മമാരെ ഇവിടേക്ക് വിളിച്ചുവരുത്തി കുട്ടിയെ കൈമാറി. പോയവഴിയിലെ രണ്ട് തോടുകൾ മുറിച്ചുകടക്കാൻ മൂന്ന് വയസ്സുള്ള കുട്ടിക്ക് പരിമിതിയുണ്ടെന്ന് ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് പറഞ്ഞു.

ഒന്നരക്കിലോമീറ്റർ പ്രധാന റോഡിലൂടെ സഞ്ചരിച്ച കുട്ടിയെ ആരും കണ്ടില്ല. അതിനാൽത്തന്നെ സംഭവത്തിൽ അന്വേഷണം വേണമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആവശ്യം.