ചെന്നൈ: മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്ത നടനും സുഹൃത്തുമായ സുരേഷ് ഗോപിക്ക് ആശംസ നേർന്ന് നടൻ മോഹൻലാൽ. സുരേഷ് ഗോപിയുമായി ദീർഘനാളത്തെ ഉറ്റ ബന്ധമാണ് ഉള്ളതെന്ന് മോഹൻലാൽ പ്രതികരിച്ചു.

ഇത് മലയാള ചലച്ചിത്ര കൂട്ടായ്മയ്ക്ക് അഭിമാന നിമിഷമാണെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി. സുരേഷ് ഗോപിക്കൊപ്പം കേന്ദ്രമന്ത്രിസഭയിൽ അംഗമായ ജോർജ് കുര്യനും മോഹൻലാൽ ആശംസകൾ നേർന്നു.

"പ്രിയ സുഹൃത്തിന് ആശംസ. വളരെയേറെ വർഷത്തെ ബന്ധമാണ് സുരേഷ് ഗോപിയുമായി ഉള്ളത്. അദ്ദേഹം ചെയ്ത ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ട് ബോധ്യമുണ്ട്. അതിനുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നത്. തെക്കേ ഇന്ത്യയിൽ നിന്നു നേരത്തെ സിനിമാ താരങ്ങൾ മന്ത്രിമാരായിട്ടുണ്ടെങ്കിലും നമ്മുടെ ഇടയിൽനിന്ന് ആദ്യമായാണ് മന്ത്രിയുണ്ടാകുന്നത്. മലയാള ചലച്ചിത്ര കൂട്ടായ്മയ്ക്ക് അഭിമാന നിമിഷം. സുരേഷ് ഗോപിയുടെ നേട്ടത്തിൽ സന്തോഷിക്കുന്നു." മോഹൻലാൽ പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഹൻലാലിനെ നരേന്ദ്ര മോദി ഫോണിൽ നേരിട്ട് വിളിച്ച് ക്ഷണിച്ചിരുന്നു. എന്നാൽ, വ്യക്തിപരമായ അസൗകര്യം നിമിത്തം അദ്ദേഹത്തിന് ചടങ്ങിൽ പങ്കെടുക്കാനായില്ല.