കാസർകോട്: കാലു തെന്നി വീടിന്റെ ഒന്നാം നിലയിൽ നിന്നും താഴേയ്ക്ക് വീഴുമ്പോൾ എല്ലാം അവസാനിച്ചെന്നാണ് മൻസൂറ കരുതിയത്. എന്നാൽ ജന്മം നൽകിയ പിതാവിന് മകൾ അപകടത്തിൽപ്പെട്ടാൽ നോക്കി നിൽക്കാൻ ആവില്ലല്ലോ. മൻസൂറ താഴെ എത്തും മുന്നേ ഇരുകരങ്ങളിലും കോരി എടുത്ത് ജീവിതത്തിലേക്ക് തിരികെ കയറ്റിയിരിക്കുകയാണ് മൻസൂറയുടെ ഉപ്പ പി.മുസ്തഫ (64). യാതൊരു പോറൽ പോലും ഏൽക്കാതെ മകളെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം.

മുറ്റത്തുനിന്ന ഉപ്പയ്ക്ക് ഏണി എടുത്തുകൊടുക്കാൻ ഒന്നാം നിലയിലേക്കു കയറിയതാണ് മൻസൂറ (36). ഭാരമേറിയ ഏണി മുസ്തഫയ്ക്കു കൈമാറിയതിനു പിന്നാലെ മൻസൂറ കാൽ തെറ്റി താഴേക്കു വീഴുകയായിരുന്നു. മകൾ താഴേയ്ക്ക് വീഴുന്നത് കണ്ട് ഒരുവേള ആ പിതാവിന്റെ ശ്വാസം നിലച്ചു പോയി. പക്ഷേ, മനഃസാന്നിധ്യം കൈവിട്ടില്ല. ഏണി നിലത്തിട്ട് മകളെ മടിത്തട്ടിലേക്ക് ഏറ്റുവാങ്ങി. എല്ലാം സെക്കൻഡുകൾക്കുള്ളിൽ കഴിഞ്ഞു. ഇളമ്പച്ചി മൈതാനിയിൽ തൃക്കരിപ്പൂർ കണ്ണമംഗലം കഴകം റോഡിലെ 'മൻസൂറ മൻസിൽ' ഇതോടെ വീണ്ടും സന്തോഷത്തിലെത്തി.

ഇരുവരുടെയും വലതുകയ്യിൽ ചെറിയ മുറിവുമാത്രം. ആശുപത്രിയിൽ ചികിത്സ തേടി. സംഭവം വിവരിക്കുമ്പോൾ മുസ്തഫയുടെയും മൻസൂറയുടെയും കണ്ണുകളിൽ അവിശ്വസനീയതയുണ്ട്. നിമിഷാർധത്തിൽ ഏണി കൈവിടാനും മകളെ കോരിയെടുക്കാനും സാധിച്ചതെങ്ങനെയെന്ന് അറിയില്ലെന്ന് മുസ്തഫ പറഞ്ഞു. ഉപ്പയെന്ന 'റിയൽ ഹീറോ'യ്ക്ക് അരികിൽ നിറകണ്ണുകളോടെ മൻസൂറ നിന്നു.