അഞ്ചാലുംമൂട്: ബസിനടിയിൽ കാൽകുടുങ്ങി വീണ വയോധികനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ആളിനെ തിരിച്ചറിഞ്ഞിട്ടില്ല. അഞ്ചാലുംമൂട് ജങ്ഷനിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

അഞ്ചാലുംമൂട്ടിൽനിന്ന് കൊല്ലത്തേക്കുവന്ന സ്വകാര്യ ബസ് ജങ്ഷനിലെ ബസ് ബേയിൽ നിർത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു. ഈ സമയം ബസ്ബേയിൽ ഇരുന്ന വയോധികൻ റോഡിലേക്ക് ഇറങ്ങിയതുകാണാതെ ബസ് മുന്നോട്ട് എടുത്തപ്പോൾ വയോധികന്റെ പാദം ടയറിനടിയിൽ കുടുങ്ങി. ജങ്ഷനിൽ കൊടികെട്ടിക്കൊണ്ടിരുന്ന ബിജെപി.പ്രവർത്തകർ സംഭവംകണ്ട് ബഹളംെവച്ചതോടെ ബസ് പെട്ടെന്ന് നിർത്തി. ഇതോടെ വയോധികന്റെ പാദം ബസിനടിയിലും തല മുൻചക്രത്തിന്റെ ആക്സിലിൽ ഉടക്കി നിവരാൻ കഴിയാത്ത അവസ്ഥയിലുമായി. ഓടിക്കൂടിയ ബിജെപി. പ്രവർത്തകരും ബസ് ജീവനക്കാരും ചേർന്ന് ജാക്കിവെച്ച് ബസ് ഉയർത്തി വയോധികനെ പുറത്തെടുത്തു.

കാലിന് ഗുരുതര പരിക്കേറ്റ വയോധികനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അല്പംകഴിഞ്ഞ് മരിച്ചു. പെരുമ്പുഴ സ്വദേശിയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.