ചെന്നൈ: നടിയും ബിജെപി. നേതാവുമായ കങ്കണ റണൗട്ടിന്റെ മുഖത്തടിച്ച സിഐ.എസ്.എഫ്. ഉദ്യോഗസ്ഥയ്ക്ക് സ്വർണമോതിരം സമ്മാനമായി നൽകുമെന്ന് പെരിയാർ ദ്രാവിഡ കഴകം. പെരിയാറിന്റെ ചിത്രം മുദ്രണംചെയ്ത മോതിരം നൽകുമെന്നാണ് പ്രഖ്യാപനം. കുൽവിന്ദർ കൗറിന്റെ വീട്ടുവിലാസത്തിലേക്ക് മോതിരം അയച്ചുകൊടുക്കും. കൂറിയർ സ്ഥാപനം അതിനു വിസമ്മതിക്കുകയാണെങ്കിൽ നേരിട്ട് മോതിരം കൈമാറും. മോതിരത്തിനൊപ്പം പെരിയാറിന്റെ ചില പുസ്തകങ്ങൾ സമ്മാനിക്കുമെന്നും പെരിയാർ ദ്രാവിഡകഴകം നേതാക്കൾ അറിയിച്ചു.

ഹിമാചൽപ്രദേശിലെ മംഡിയിൽനിന്ന് എംപി.യായി തിരഞ്ഞെടുക്കപ്പെട്ട കങ്കണ കഴിഞ്ഞദിവസം ഡൽഹിയിലേക്കുപോകാൻ ചണ്ഡീഗഢ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്. ബഹളത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. പിന്നാലെ വിവാദത്തിൽപ്പെട്ട കുൽവിന്ദർ കൗറിനെ സസ്‌പെൻഡ് ചെയ്തു.