മൂവാറ്റുപുഴ: പാവപ്പെട്ട അഞ്ച് വീട്ടുകാർക്ക് സൗജന്യമായി നൽകാനുള്ള പലവ്യഞ്ജനം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ ആൾ കടയുടമയുടെ പണമടങ്ങിയ ബാഗുമായി കടന്നു. 60,000 രൂപക്കുമുകളിൽ തുക ബാഗിലുണ്ടായിരുന്നു. കൊച്ചി-മധുര ദേശീയപാതയിൽ മൂവാറ്റുപുഴ വാളകം മേക്കടമ്പ് പള്ളിത്താഴത്ത് പൊങ്ങണത്തിൽ ജോണിന്റെ കടയിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാവിലെ 11-ഓ ടെയാണ് സംഭവം.

കറുത്ത പാന്റ്‌സും വെളുത്ത ഷർട്ടും ധരിച്ചെത്തിയ ആളാണ് അതിവിദഗ്ദമായി കടക്കാരനെ പറ്റിച്ച് പണവുമായി കടന്നത്. അഞ്ച് പാവപ്പെട്ട വീടുകളിലേക്ക് ഭക്ഷണസാധനങ്ങളുടെ കിറ്റ് നൽകാനുദ്ദേശിക്കുന്നുവെന്നും അതിനുള്ള ലിസ്റ്റ് തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ കടയിലെത്തിയത്. കടയുടമ ജോണി ലിസ്റ്റ് തയ്യാറാക്കാൻ തുടങ്ങിയപ്പോൾ മുതൽ കടയ്ക്കുള്ളിൽ കയറുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്ത ശേഷം ബാഗുമായി മുങ്ങുക ആയിരുന്നു. ഇയാൾ കടയിൽ നിന്നും പോയി ഏറെ നേരത്തിന് ശേഷമാണ് ചതിക്കപ്പെട്ടതായി ജോണിക്ക് മനസ്സിലായത്.

മേക്കടമ്പിൽ തന്നെയുള്ള പൊലീസുദ്യോഗസ്ഥൻ റെജിയുടെ വീടിനടുത്തുള്ള ഇരുനില വാർക്ക വീടാണ് തന്റേതെന്നു പരിചയപ്പെടുത്തിയാണ് ഇയാൾ കടയിലെത്തിയത്. ചൊവ്വാഴ്ച ദുബായ്ക്ക് പോവുകയാണെന്നും അതിനു മുമ്പ് പാവപ്പെട്ടവർക്ക് സൗദജന്യ കിറ്റ് നൽകണമെന്നും പറഞ്ഞു അടുപ്പം സ്ഥാപിച്ചു. ജോണി സാധനങ്ങളുടെ ലിസ്റ്റ് എഴുതുന്നതിനിടെ കടയിൽ വന്നുപോയ മറ്റുള്ളവർക്ക് ഇയാൾ സാധനങ്ങൾ നൽകി. പണം വാങ്ങി ബാഗിൽ വയ്ക്കുകയും ബാക്കി ബാഗിൽ നിന്നെടുത്തുകൊടുക്കുകയും ചെയ്തിരുന്നു.

ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങൾ പൊതിഞ്ഞെടുക്കുന്നതിനിടയിൽ കടയിൽ കയറി അരിച്ചാക്കിനു മുകളിൽ ഇരുന്ന ഇയാൾ ഫോണിൽ പലരോടും സംസാരിച്ചു. ശേഷം സാധനങ്ങൾ എടുത്തുകൊള്ളാൻ പറഞ്ഞ ശേഷം ഉടൻ വരാമെന്നും പറഞ്ഞ് പോയി. കുറച്ചു കഴിഞ്ഞാണ് കടയുടമയ്ക്ക് ബാഗ് കാണാനില്ലെന്ന് മനസ്സിലായത്. മേക്കടമ്പിലും വാളകത്ത് മറ്റിടങ്ങളിലും ഇയാളെ കണ്ടു പരിചയമുണ്ടെന്ന് സ്ഥലവാസികൾ പറഞ്ഞു. അമ്പിളി ഹോട്ടലിൽ വരാറുണ്ടെന്ന് മനസ്സിലാക്കി അവിടുത്തെ സി.സി.ടി.വി. പൊലീസ് പരിശോധിച്ചെങ്കിലും ഞായറാഴ്ചത്തെ ദൃശ്യങ്ങളിലുണ്ടായിരുന്നില്ല.

കടയിൽ സാധാരണദിവസങ്ങളിൽ ജോണിയും സഹോദരൻ സ്‌കറിയയും ഉണ്ടാവും. അപ്പോൾ ഒരാൾ സാധനങ്ങൾ എടുത്തു കൊടുക്കുകയും മറ്റൊരാൾ പണം കൈകാര്യം ചെയ്യുകയുമാണ് രീതി. ഞായറാഴ്ചകളിൽ ജോണി മാത്രമായിരിക്കും. അപ്പോൾ കാഷ് കൗണ്ടറിൽ പലപ്പോഴും ആളുണ്ടാവില്ല. ഇത് മനസ്സിലാക്കിയാണ് മോഷണത്തിനെത്തിയതെന്ന് പൊലീസ് പറഞ്ഞു.