- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നർത്തകി സത്യഭാമ കീഴടങ്ങണം; ജാമ്യഹർജി കീഴ്‌ക്കോടതി പരിഗണിക്കണം
കൊച്ചി: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ നർത്തകി സത്യഭാമയോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചു. ഒരാഴ്ചക്കുള്ളിൽ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകാനാണ് നിർദ്ദേശം. അന്നേദിവസം തന്നെ കീഴ്‌ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു. സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം കലാകാരനുമായ ആർ.എൽ.വി രാമകൃഷ്ണനെതിരെ സത്യഭാമ ജാതി അധിക്ഷേപം നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകി. പട്ടികജാതി -പട്ടികവർഗ അതിക്രമം തടയൽ നിയമം പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം കന്റോമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എസ്ഇഎസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്‌ക്കെതിരെ ചുമത്തിയത്. യൂട്യൂബ് പരാമർശത്തിലൂടെ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നാണ് കലാമണ്ഡലം സത്യഭാമക്കെതിരായ പരാതി. ചാലക്കുടി ഡിവൈ.എസ്‌പിക്കാണ് രാമകൃഷ്ണൻ പരാതി നൽകിയത്. തുടർ നടപടിക്കായി പരാതി തിരുവനന്തപുരം പൊലീസിന് കൈമാറുകയായിരുന്നു. അഭിമുഖം നൽകിയ യൂട്യൂബ് ചാനലിനെതിരെയും നടപടി വേണമെന്നു പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.