- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാറഖനനം; ഒരു വർഷത്തിനിടെ പിഴയായി ഈടാക്കിയത് 17 കോടി രൂപ
കോന്നി: അനധികൃത പാറഖനനം നടത്തിയതിന് കഴിഞ്ഞ സാമ്പത്തിക വർഷം ജിയോളജി വകുപ്പ് പിഴയായി ഈടാക്കിയത് 16 കോടി 96 ലക്ഷം രൂപ. ഖനനമേഖലയിലെ നികുതി, അളവ് ചോർച്ചകൾ കണ്ടുപിടിക്കുന്നതിനായി ജിയോളജി വകുപ്പ് രൂപവത്കരിച്ച സ്‌ക്വാഡിന്റെ പ്രവർത്തനം ഒരുവർഷം പൂർത്തിയാകുമ്പോഴാണ് കോടികൾ പിഴയായി വകുപ്പിലേക്ക് എത്തിച്ചേർന്നത്.
കഴിഞ്ഞ സാമ്പത്തികവർഷം പത്തനംതിട്ട ജില്ലയിൽ സ്‌ക്വാഡിന്റെ പരിശോധനയിൽ മൂന്നുകോടി ഒൻപതുലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. മലപ്പുറം ജില്ലയിൽനിന്ന് രണ്ടുകോടിയും എറണാകുളം ജില്ലയിൽനിന്ന് ഒന്നരക്കോടിയും പിഴയായി കിട്ടി. ഒരു ജിയോളജിസ്റ്റും അസിസ്റ്റന്റ് ജിയോളജിസ്റ്റും അടങ്ങിയതാണ് സ്‌ക്വാഡ്. അസിസ്റ്റന്റ് ജിയോളജിസ്റ്റ് ഇല്ലാത്ത സ്ഥലങ്ങളിൽ മിനറൽ ഇൻെസ്പക്ടർ ആയിരിക്കും രണ്ടാമത്തെ അംഗം.
അളവിൽക്കൂടുതൽ ക്രഷർ ഉത്പന്നങ്ങൾ വാഹനത്തിൽ കൊണ്ടുപോകുന്നതും അനുവദിച്ചതിൽ കൂടുതൽ പാറഖനനം നടത്തുന്നതും അനധികൃതമായി പച്ചമണ്ണ് കടത്തുന്നതും തടയുകയാണ് ഇവരുടെ ചുമതല. എല്ലാ ജില്ലകളിലും ജിയോളജി വകുപ്പിന് ഓഫീസുണ്ട്. ഖനനപെർമിറ്റ് നൽകുന്നത് ഈ ഓഫീസാണ്.
സർക്കാർ നിശ്ചയിക്കുന്ന ഖനനഫീസ് ഈടാക്കി പാസുകൾ നൽകുകയാണ് ജില്ലാ ഓഫീസുകളുടെ പ്രധാന ജോലി. പാസുകളുടെ മറവിൽ നടക്കുന്ന വഴിവിട്ട ഖനനവും സാധനങ്ങൾ കടത്തുന്നതും കണ്ടുപിടിക്കാനാണ് വ്യവസായവകുപ്പ് ജിയോളജി സ്‌ക്വാഡിന് രൂപംനൽകിയത്. ക്വാറികളുടെപേരിലുള്ള പരാതികൾ അന്വേഷിക്കുന്നതും സ്‌ക്വാഡാണ്.