ഇടുക്കി: തൊട്ടിയാർ ചെറുകിട ജലവൈദ്യുതപദ്ധതി ഈ മാസം കമ്മിഷൻ ചെയ്യും. പത്ത് മെഗാവാട്ട് ശേഷിയുള്ള ജനറേറ്റർ ജൂണിൽത്തന്നെ കമ്മിഷൻ ചെയ്യാനാണ് വൈദ്യുത വകുപ്പിന്റെ തീരുമാനം. ഇതിന് പിന്നാലെ 30 മെഗാവാട്ട് ശേഷിയുള്ള ജനറേറ്റർകൂടി കമ്മിഷൻചെയ്യും. ഒന്നരപ്പതിറ്റാണ്ട് മുൻപ് 2009ൽ നിർമ്മാണം തുടങ്ങിയതാണ് തൊട്ടിയാർ പദ്ധതി. ആകെ 40 മെഗാവാട്ടിന്റെ ഉത്പാദനശേഷിയാണ് പദ്ധതിക്കുള്ളത്.

മെയ്‌ പകുതിയോടെ ഒരു ജനറേറ്റർ കമ്മിഷൻ ചെയ്യുമെന്നായിരുന്നു ആദ്യ വിവരം. എന്നാൽ, അതുണ്ടായില്ല. ദേവിയാർപുഴയുടെ ഭാഗമായ തൊട്ടിയാറിൽ അടിമാലി വാളറയ്ക്കുസമീപം തടയണ നിർമ്മിച്ച് ശേഖരിക്കുന്ന വെള്ളം നീണ്ടപാറയിലെ നിലയത്തിൽ എത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. 207 കോടി രൂപയായിരുന്നു അടങ്കൽ തുക. എന്നാൽ, പല കാരണങ്ങളാൽ പണികൾ നിലച്ചു.

2018-ൽ എസ്റ്റിമേറ്റ് പുതുക്കി. തുക 280 കോടിയായി ഉയർന്നു. ആദ്യം നൽകിയ കരാർ റദ്ദാക്കി രണ്ടാമത് മറ്റൊരു കരാർ വേണ്ടിവന്നു.പ്രളയത്തെയും കോവിഡിനെയും അതിജീവിച്ച് ഏതാനും മാസം മുൻപ് നിർമ്മാണം പൂർത്തിയായി. ട്രയൽ റണ്ണും നടത്തി. എന്നിട്ടും കമ്മിഷൻ ചെയ്യാൻ വൈകുകയായിരുന്നു. ഇനി ചില അവസാനവട്ട പണികൾമാത്രമാണ് ശേഷിക്കുന്നത്. പദ്ധതി കമ്മിഷൻ ചെയ്യാത്തതിനാൽ, ദേവിയാർപുഴയിലെ വെള്ളം തൊട്ടിയാറിലെ തടയണ നിറഞ്ഞ് പാഴാകുകയാണ്.