- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മലപ്പുറത്ത് സെവൻസ് കളിക്കാനെത്തിയ വിദേശതാരത്തെ കബളിപ്പിച്ചെന്ന് പരാതി
മലപ്പുറം: മലപ്പുറത്ത് സെവൻസ് ഫുട്ബോൾ കളിക്കാനെത്തിയ വിദേശതാരത്തെ പണം നൽകാതെ കബളിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം. മലപ്പുറം എസ്‌പി. ഓഫീസിലെത്തി പരാതി നൽകുകയായിരുന്നു. ഐവറി കോസ്റ്റ് താരം കാങ്കെ കുവാസിക്കാണ് ദുരനുഭവമുണ്ടായത്. രണ്ട് മത്സരങ്ങൾക്കായി 5,000 രൂപ വാഗ്ദാനം ചെയ്തെങ്കിലും പാലിച്ചില്ല. ഭക്ഷണത്തിനുപോലും പണം നൽകിയില്ലെന്നും കുവാസി പരാതിയിൽ പറഞ്ഞു.
കഴിഞ്ഞ ജനുവരിയിൽ ഐവറി കോസ്റ്റിൽനിന്ന് കൊൽക്കത്തയിലെത്തിയ കാങ്കെ കുവാസി, തുടർന്ന് അവിടെനിന്ന് മലപ്പുറത്തെത്തി. മഞ്ചേരിയിലെ നെല്ലിക്കുത്ത് എഫ്.സി.ക്കുവേണ്ടി ബൂട്ടണിയുന്നതിനാണ് എത്തിയത്. സുഹൃത്തുക്കൾ ആരും കൂടെയുണ്ടായിരുന്നില്ലെന്ന് കുവാസി പറയുന്നു. രണ്ട് മത്സരങ്ങൾ നെല്ലിക്കുത്ത് എഫ്.സി.ക്കായി കളിച്ചു. തുടർന്ന് ടീം അധികൃതർ ബന്ധപ്പെട്ടില്ല.
വാഗ്ദാനം ചെയ്ത 5,000 നൽകിയില്ല എന്നതിനു പുറമേ, ഭക്ഷണത്തിനുള്ള വകപോലും അനുവദിച്ചില്ലെന്നും കുവാസി പറഞ്ഞു. ഡൽഹിയിൽനിന്നെത്തിയ മറ്റു ആഫ്രിക്കൻ താരങ്ങളുടെ സഹായത്താലാണ് ഇതുവരെ ഭക്ഷണം കഴിച്ചത്. ജനുവരി മുതൽ ഇതാണ് അവസ്ഥ. ജൂലായ് മൂന്നിന് വിസാ കാലാവധി അവസാനിക്കുകയാണ്. ഇതേത്തുടർന്നാണ് പരാതി നൽകാൻ തീരുമാനിച്ചത്.
കുവാസിയിൽനിന്ന് ഏജന്റിന്റെ നമ്പർ ലഭിച്ചു. ഇദ്ദേഹത്തോട് മലപ്പുറം എസ്‌പി. ഓഫീസിൽ എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സാധാരണ ഗതിയിൽ സെവൻസ് ഫുട്ബോളിന് കൊണ്ടുവരുന്ന വിദേശ താരങ്ങൾക്ക് യാത്ര ടിക്കറ്റുകളും ഭക്ഷണ അലവൻസും താമസ സൗകര്യവും ഉൾപ്പെടെയുള്ളവ നൽകാറുണ്ട്.