തിരുവനന്തപുരം: കേരളത്തിലെ ആശുപത്രികളിൽ ഡാറ്റാ സംരക്ഷണത്തിന് കൂടുതൽ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ സാങ്കേതിക മേഖലയിലുള്ള വിദഗ്ദർ അഭിപ്രായപെട്ടു. തിരുവനന്തപുരത്തെ വ്യവസായ സംരംഭകരുടെ കൂട്ടായ്മ ആയ കിച്ചന്റെ നേതൃത്തിലാണ് രോഗികളുടെ വിവര ശേഖരണ സുരക്ഷിതത്വത്തെ കുറിച്ചുള്ള സെമിനാർ തലസ്ഥാന നഗരത്തിൽ നടന്നത്. ആർസിസിയിൽ ഉൾപ്പടെ ഉണ്ടായ സൈബർ ആക്രമണവും ഡാറ്റാ ബാങ്കിൽ നിന്ന് രോഗികളുടെ വിവരങ്ങൾ ചോർന്നതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിൽ ആദ്യമായി രോഗികളുടെ വിവരം സംരക്ഷിക്കുന്നത് സംബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചത്.

ഡാറ്റാ സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കുമ്പോൾ രോഗിയുടെ ക്ഷേമം പ്രധാനമായിരിക്കണമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോക്ടറും വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ മാനേജിങ് ഡയറക്ടറുമായ ഡോ.ദിവ്യ എസ് അയ്യർ പറഞ്ഞു. രോഗ വിവരങ്ങൾ സുരക്ഷിതമായി ഇരിക്കുക എന്നുള്ളത് രോഗികളുടെ അവകാശമാണെന്നും ഡോ.ദിവ്യ എസ് അയ്യർ കൂട്ടി ചേർത്തു.

ടൈ കേരളയും കേരള സ്റ്റാർട്ടപ്പ് മിഷനും ഡോ.ജിജ്ജീസ് മില്യൺ ഡോളർ സ്‌മൈൽ ഡെന്റൽ ക്ലിനിക്കും ആയിരുന്നു സെമിനാറിന്റെ മറ്റു സംഘാടകർ. ഇന്ത്യയിലെ ആദ്യത്തെ വനിതാ സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്ററായ ഡോ. പട്ടത്തിൽ ധന്യ മേനോൻ, ഡോ. ജിജ്ജിസ് മില്യൺ ഡോളർ സ്‌മൈൽ ഡെന്റൽ ക്ലിനിക്കിലെ ചീഫ് ഡെന്റൽ സർജൻ ഡോ. ജിജി ജോർജ്ജ് എംഡിഎസ്, ട്രിനിറ്റി കോളജ് സ്ട്രാറ്റജിക് ഡയറക്ടറും പ്രിൻസിപ്പലുമായ ഡോ. അരുൺ സുരേന്ദ്രൻ എന്നിവർ സെമിനാറിൽ പങ്കെടുത്തു.ഡാറ്റാ സുരക്ഷയ്ക്കും ഗുണനിലവാര മാനേജ്‌മെന്റിനുമുള്ള ഐഎസ്ഒ സർട്ടിഫിക്കറ്റ് ISO 27001 സർട്ടിഫിക്കേഷൻ ഡോ. ജിജി മില്യൺ ഡോളർ സ്‌മൈൽ ഡെന്റൽ ക്ലിനിക്കിന് ചടങ്ങിൽ കൈമാറി.ഇന്ത്യയിൽ ആദ്യമായാണ് ഒരു ക്ലിനിക്കിന് ഇത്തരത്തിൽ അംഗീകാരം ലഭിക്കുന്നത്