അടിമാലി: ദേശീയപാതാ നവീകരണ ജോലികൾക്കിടെ കട്ടിങ് സൈഡിൽ നിന്ന് ഇടിഞ്ഞുവീണ് അതിഥിത്തൊഴിലാളി മണ്ണിന് അടിയിൽപെട്ടു. മറ്റൊരു തൊഴിലാളിക്കും പരുക്കേറ്റു. തമിഴ്‌നാട് തെങ്കാശി സ്വദേശി കാളിച്ചാമി (47) ആണ് മണ്ണിനടിയിൽപെട്ടത്. ഇദ്ദേഹത്തെ തൊഴിലാളികളും മുൻ നേവി, ആർമി ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന ാർത്താണ്ഡം സ്വദേശി ജോസി(44) ന് പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിക്കാണ അപകടം.

പാതയുടെ നിർമ്മാണ ജോലികളുടെ ഭാഗമായി കട്ടിങ് സൈഡിൽ നിന്ന് എട്ട് അടിയോളം മണ്ണുനീക്കംചെയ്ത ശേഷം നാല് അടി ഉയരത്തിൽ കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമ്മിച്ചിരുന്നു. ഇവിടെ ജോലി ചെയ്യുന്നതിനിടെയാണ് കട്ടിങ് സൈഡിൽ നിന്ന് ഇടിഞ്ഞു വീണ മണ്ണിനടിയിൽ കാളിച്ചാമി അകപ്പെട്ടത്. ഇതോടൊപ്പം ജോസും അപകടത്തിൽപെട്ടു. തൊഴിലാളികളും നാട്ടുകാരും ചേർന്ന് ജോസിനെ ആദ്യം രക്ഷപ്പെടുത്തി. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ണിനടിയിൽ കാളിച്ചാമി അകപ്പെട്ടവിവരം രക്ഷാപ്രവർത്തകർ അറിഞ്ഞത്.

ഇതോടെ കാളിച്ചാമിക്കായി തിരച്ചിൽ തുടങ്ങി. മണ്ണിനടിയിൽ അകപ്പെട്ട അതിഥിത്തൊഴിലാളിയെ രക്ഷപ്പെടുത്താൻ അപ്പോളോ ടയേഴ്‌സ് ഉദ്യോഗസ്ഥനും മൂന്ന് മുൻ നേവി, ആർമി ഉദ്യോഗസ്ഥരുടെ സംഘവും സഹായവുമായി എത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മണ്ണുനീക്കിയാൽ തൊഴിലാളിയുടെ സുരക്ഷയെ ബാധിക്കുന്നതിനാൽ ഇവർ തടഞ്ഞു. ശേഷം ഇവർ കൂടി സഹകരിച്ച് മറ്റു സാമഗ്രികൾ ഉപയോഗിച്ചാണ് മണ്ണുനീക്കി തൊഴിലാളിയെ പുറത്തെടുത്തത്.

അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. കീഴില്ലം മണ്ണൂരിൽ നിന്ന് മൂന്നാറിലേക്കു പോവുകയായിരുന്ന സംഘമാണ് തൊഴിലാളിയെ രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തകർക്കൊപ്പം ചേർന്നത്.