കോട്ടയം: ഏത്തക്കായ്ക്ക് പൊന്നും വില.രണ്ടുമാസം മുൻപുവരെ കിലോയ്ക്ക് 40 രൂപയുണ്ടായിരുന്ന ഏത്തയ്ക്കായ്ക്ക് ഇപ്പോൾ 70 മുതൽ 80 രൂപവരെ നൽകണം. ഉത്പാദനം കുറഞ്ഞതും കടുത്ത ചൂടിൽ കൃഷി വ്യാപകമായി നശിച്ചതുമാണ് വില ഉയരാൻ കാരണം. തമിഴ്‌നാട്ടിൽനിന്നുള്ള വരവും കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. ഇതോടെ നാടൻ കുലകൾക്ക് ആവശ്യക്കാർ കൂടി. ഇതോടെ ഓണ വിപണിയേക്കാൾ ഏത്തക്കായുടെ വില ഉയർന്നു.

സംസ്ഥാനത്ത് ഏത്തക്കുലയ്ക്ക് വില കൂടുന്നത് സാധാരണ ഓണക്കാലത്താണ്. കഴിഞ്ഞ ഓണക്കാലത്ത് 70 രൂപവരെയായിരുന്നു വില. സീസൺ കഴിഞ്ഞതോടെ വില കുറഞ്ഞു. നവംബർ-ഡിസംബർ മാസത്തിൽ 30 രൂപയിൽ താഴെയെത്തി. തമിഴ്‌നാടൻ കുലകൾ മൂന്നുമുതൽ നാലുകിലോവരെ 100 രൂപ നിരക്കിലാണ് കേരളത്തിൽ വിറ്റിരുന്നത്. ഇവിടത്തെ കർഷകർക്ക് 25 രൂപയിൽ താഴെയാണ് ലഭിച്ചിരുന്നത്. എന്നാൽ, ചൂട് കൂടിയതോടെ തമിഴ്‌നാട്ടിലെയും കേരളത്തിലെയും വാഴകൾ നശിച്ചു. ഓണം വിപണി ലക്ഷ്യമാക്കി കൃഷി ചെയ്തവർക്കും വലിയ നഷ്ടമുണ്ടായി.

ഓണത്തിന് ഇനി മൂന്നുമാസമേയുള്ളൂ. അപ്പോൾ ഏത്തക്കുലകൾക്ക് ക്ഷാമം ഉണ്ടാകാൻ സാധ്യതയേറെയാണെന്ന് കർഷകർ പറയുന്നു. ഉപ്പേരിവിലയും ഉയരാനിടയുണ്ട്. ഏത്തക്കായ്ക്ക് പുറമേ എല്ലാ നാടൻ വാഴക്കുലകൾക്കും വില കൂടി. പാളയംകോടൻ, ഞാലിപ്പൂവൻ, റോബസ്റ്റ തുടങ്ങിയ ഇനങ്ങൾക്ക് വില കുറവായിരുന്നു. അതിനാൽ പലരും ഇവയുടെ കൃഷി ഒഴിവാക്കി. അതോടെ ക്ഷാമം നേരിട്ടതും വില കൂടാൻ കാരണമായി. പാളയംകോടന് 35 മുതൽ 40 രൂപവരെയാണ് വില. ഞാലിപ്പൂവന് 80-90 രൂപയായി. കർഷകന് കിലോയ്ക്ക് 50 മുതൽ 60 രൂപവരെ കിട്ടും. 30 രൂപയുണ്ടായിരുന്ന റോബസ്റ്റ പഴത്തിന് കിലോയ്ക്ക് 40-50 വരെയായി. 15 മുതൽ 18 രൂപവരെയാണ് ദീർഘകാലമായി കർഷകർക്ക് കിട്ടിയിരുന്നത്.