- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക്കോ പൈലറ്റ് സമരം: 15 പേർക്ക് സ്ഥലംമാറ്റം, രണ്ടുപേർക്ക് സസ്പെൻഷൻ
കണ്ണൂർ: ജോലിചെയ്തുകൊണ്ടുള്ള ലോക്കോ പൈലറ്റുമാരുടെ സമരം നേരിടാൻ കടുത്ത നടപടികളുമായി റെയിൽവേ. വന്ദേഭാരത് ഓടിക്കാൻ പരിശീലനം ലഭിച്ച ലോക്കോ പൈലറ്റിനെയടക്കം 15 പേരെ പാലക്കാട് ഡിവിഷനിൽനിന്ന് സ്ഥലം മാറ്റി. രണ്ടുപേരെ സസ്‌പെൻഡ് ചെയ്തു, 60 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. പ്രതിവാര വിശ്രമസമയം 30 മണിക്കൂറിന് പകരം 46 മണിക്കൂർ ആക്കണമെന്നാണ് ലോക്കോ പൈലറ്റുമാരുടെ ആവശ്യം. ഇതുപ്രകാരം 46 മണിക്കൂർ വിശ്രമമെടുത്തവർക്കെതിരേയാണ് നടപടി. സ്ഥലംമാറ്റം ലഭിച്ചവർക്ക് അതത് ഡിപ്പോകളിൽ ജോയിൻ ചെയ്യാൻ 10 ദിവസത്തെ സമയമുണ്ട്.
ഈ ദിവസങ്ങളിൽ ഇവരുടെ സേവനം റെയിൽവേയ്ക്ക് ലഭിക്കില്ല. വണ്ടി ഓട്ടത്തെ അത് ബാധിക്കുമെന്ന് സമരം നയിക്കുന്ന ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. നിലവിൽ പാലക്കാട് ഡിവിഷനിൽ 573 ലോക്കോ പൈലറ്റുമാർ വേണ്ടിടത്ത് 536 പേരാണുള്ളത്. വന്ദേഭാരതിന് മുൻപ് അനുവദിച്ച തസ്തികയാണിത്. ചരക്കുവണ്ടി ഓടിക്കാൻ 140 ലോക്കോ പൈലറ്റുമാർ വേണ്ടിടത്ത് 107 പേർ മാത്രമേ പാലക്കാട് ഡിവിഷനിൽ ഉള്ളൂ. സമരം തുടർന്നാൽ ചരക്കുനീക്കത്തെയും ബാധിക്കും.
വിശ്രമത്തിലുള്ള ലോക്കോ പൈലറ്റുമാർക്ക് പകരം ആളെ കൊടുക്കാതെ വണ്ടികൾ വൈകിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് എ.ഐ.എൽ.ആർ.എസ്.എ ഭാരവാഹികൾ ആരോപിച്ചു. ആളുകൾ സജ്ജമായിനിന്നിട്ടും നേത്രാവതി എക്സ്പ്രസ് കോഴിക്കോട്ടും മഡ്ഗാവ് എക്സ്പ്രസ് ഷൊർണൂരും ഓടിക്കാൻ പകരം ആളെ കൊടുക്കാതിരിക്കാൻ അധികാരികൾ ശ്രമിച്ചതായും ഭാരവാഹികൾ അവർ പറയുന്നു. അംഗീകാരമില്ലാത്ത സംഘടനയായ ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷനിലെ ചുരുക്കം ചിലർ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്നെന്നാണ് റെയിൽവേ നിലപാട്. റെയിൽയാത്ര അവശ്യ സർവീസാണെന്നും സമരം നടത്തുന്നവർക്കെതിരേ നടപടി എടുക്കുമെന്നും പാലക്കാട് ഡിവിഷൻ ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.