കോട്ടയം: രാമപുരത്ത് വീട് കുത്തിത്തുറന്ന് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ വളകൾ അറത്തെടുത്ത് കടന്ന സംഘത്തിലെ പ്രതികൾക്കായി പൊലീസ് തമിഴ്‌നാട്ടിൽ പരിശോധന നടത്തി. തമിഴ്‌നാട് സ്വദേശികളാണ് മോഷണത്തിന് പിന്നിൽ ഏപ്രിൽ 28-നാണ് മോഷണം നടന്നത്. രാമപുരം പുതുവേലി ചോരക്കുഴിയിലുള്ള വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്ന് അകത്തുകയറിയാണ് വീട്ടമ്മയുടെ രണ്ട് സ്വർണവളകൾ കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്ത് കടന്നത്.

കവർച്ചാ സംഘത്തിലെ സന്തോഷ്, വേലൻ എന്നിവരെ തമിഴ്‌നാട്ടിലെ തേനിയിൽനിന്ന് പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തതിൽനിന്ന് മറ്റ് പ്രതികളായ മാണിക്യം, അർജുനൻ, പശുപതി എന്നിവർ കാമാക്ഷിപുരത്തുള്ളവരാണെന്ന് കണ്ടെത്തുകയും ഇവരെ പിടികൂടുന്നതിനുവേണ്ടി തമിഴ്‌നാട്ടിലെ ഗ്രാമത്തിൽ മുപ്പതോളം പൊലീസ് ഉദ്യോഗസ്ഥർ ആയുധങ്ങളുമായി പരിശോധന നടത്തുകയായിരുന്നു.

മോഷണം നടത്തുന്നതിന് വീടുകൾ പകൽസമയം കണ്ടെത്തി കാമാക്ഷിപുരത്തുനിന്ന് ആളുകളെ വിളിച്ചുവരുത്തി രാത്രി വീടുകളുടെ വാതിലുകൾ പൊളിച്ച് മോഷണം നടത്തുന്നതാണ് സംഘത്തിന്റെ രീതി. രണ്ടുദിവസം രാത്രിയും പകലുമായി നടന്ന പരിശോധനയിൽ മോഷണത്തിനുപയോഗിച്ച ആയുധങ്ങളും രക്ഷപ്പെട്ട ബൈക്കും കണ്ടെടുത്തു.

മോഷ്ടിച്ച സ്വർണം വില്പന നടത്തിയ കടയിൽനിന്നും കണ്ടെടുത്തു. മോഷണസംഘത്തിൽ ഉണ്ടായിരുന്ന മറ്റുമൂന്നുപേരുടെ ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു. പാലാ ഡിവൈ.എസ്‌പി. കെ. സദൻ, ഇൻസ്‌പെക്ടർമാരായ ജോബിൻ ആന്റണി, ബി. ഉണ്ണികൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.