തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ലഭിച്ചുവെങ്കിലും കാലവർഷം ശക്തി പ്രാപിക്കാത്തതിനെ തുടർന്ന് കെ.എസ്.ഇ.ബിയുടെ ജലസംഭരണികളിൽ ജലനിരപ്പ് പ്രതീക്ഷിച്ച തോതിൽ വർദ്ധിച്ചിട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി.

ഈ മാസം ഇതുവരെ പ്രതീക്ഷിച്ചത് 237 ദശലക്ഷം യൂണിറ്റിനുള്ള നീരൊഴുക്കാണ്. എന്നാൽ 157 ദശലക്ഷം യൂണിറ്റിനുള്ള ജലം മാത്രമേ കെ.എസ്.ഇ.ബിയുടെ അണക്കെട്ടുകളിലാകെ ഒഴുകിയെത്തിയിട്ടുള്ളൂ. നേരത്തെ ഏർപ്പെട്ട 300 മെഗാവാട്ട് പ്രതിമാസ കരാർ നിലവിലുള്ളതിനാലാണ് ഇപ്പോൾ വൈദ്യുതി പ്രതിസന്ധി നേരിടാതെ പിടിച്ചു നിൽക്കാൻ സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വേനൽക്കാലത്ത് ഉത്തർപ്രദേശ്, പഞ്ചാബ്, ബിഎസ്ഇഎസ് എന്നിവിടങ്ങളിൽ നിന്നും കൈമാറ്റ ഉടമ്പടി പ്രകാരം വാങ്ങിയ 10.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇന്നലെ മുതൽ തിരികെ നൽകി തുടങ്ങി. 850 മെഗാവാട്ടിന്റെ കരാറുകളുടെ കാലാവധി കഴിഞ്ഞെങ്കിലും, മാർച്ചിലെ കാലാവസ്ഥ പ്രവചനം അനുസരിച്ച് ജൂണിൽ വൈദ്യുതി ആവശ്യം കുറയാൻ സാധ്യതയുണ്ടെന്ന് കണ്ട് ഈ മാസം വേറെ കരാറുകളിൽ ഏർപ്പെട്ടിരുന്നില്ല. അതേസമയം, വൈദ്യുത ഉപഭോഗത്തിൽ വലിയ കുറവുണ്ടാകുന്നില്ല. നിലവിൽ ആവശ്യത്തിനനുസരിച്ച് കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി.