കട്ടപ്പന: സ്‌കൂൾ അധികൃതരും രക്ഷിതാക്കളും അറിയാതെ ഇരട്ടയാറിൽ സർക്കാർ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ കുട്ടികളെ എയ്ഡഡ് സ്‌കൂളിലേക്കു മാറ്റിയതായി പരാതി. പഠനം തുടങ്ങി ആറആം ദിവസം സ്‌കൂളിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആറാം ദിവസത്തെ കണക്കെടുപ്പിനു മുന്നോടിയായി കുട്ടികളെ മാറ്റുക ആയിരുന്നു. ഗാന്ധിജി ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ കുട്ടികളെയാണ് അനുമതിയില്ലാതെ സ്‌കൂൾ മാറ്റിയത്. കട്ടപ്പന വിദ്യാഭ്യാസ ജില്ലാ ഓഫിസിലെ ഉദ്യോഗസ്ഥരുടേതാണ് അനുമതിയില്ലാതെയുള്ള നടപടി.

മൂന്നു കുട്ടികൾ അഞ്ചാം ക്ലാസിലും രണ്ടു പേർ എട്ടാം ക്ലാസിലും പഠിക്കുന്നവരാണ്. തിങ്കളാഴ്ചയാണ് ഇത്തവണ ആറാം അധ്യയന ദിവസത്തെ കണക്കെടുപ്പ് നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വരെ സ്‌കൂളിലുണ്ടായിരുന്ന അഞ്ചു കുട്ടികളെ ശനി, ഞായർ ദിവസങ്ങളിൽ മറ്റൊരു സ്‌കൂളിലേക്കു മാറ്റുകയായിരുന്നു. തിങ്കളാഴ്ച കുട്ടികളെ കാണാതായതോടെ സ്‌കൂൾ അധികൃതർ കുട്ടികളുടെ വിവരങ്ങളുള്ള സമ്പൂർണ പോർട്ടലിൽ നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്.

1800ൽ ഏറെ കുട്ടികൾ പഠിക്കുന്ന സ്‌കൂളാണ് ഗാന്ധിജി സ്‌കൂൾ. കുട്ടികളെ സ്‌കൂളിൽ നിന്നും മാറ്റാൻ രക്ഷിതാക്കൾ ആഗ്രഹിച്ചിരുന്നില്ല. ഈ കുട്ടികൾ ടിസിക്കായി സ്‌കൂളിൽ അപേക്ഷ നൽകിയിരുന്നില്ല. സമ്പൂർണ പോർട്ടൽ വഴി കുട്ടികൾക്ക് ടിസി അനുവദിക്കാൻ കഴിയുന്നത് പ്രധാന അദ്ധ്യാപകർക്കും ജില്ലാ വിദ്യാഭ്യാസ ഓഫിസിനുമാണ്.

കുട്ടികളുടെ വിവരങ്ങൾ നീക്കം ചെയ്ത ശേഷം തിങ്കളാഴ്ച ഓൺലൈനായി ടിസിക്ക് അപേക്ഷ നൽകി തിരിമറി നടത്തിയിട്ടുണ്ട്. മറ്റൊരു കുട്ടിയുടെ അപേക്ഷ രക്ഷാകർത്താക്കൾ അറിയാതെ ഓൺലൈനായി എത്തിയെങ്കിലും സ്‌കൂൾ മാറാൻ താൽപര്യമില്ലെന്ന് ഇവർ എഴുതി നൽകുകയും ചെയ്തു. അനുമതിയില്ലാതെ കുട്ടികളെ സ്‌കൂൾ മാറ്റിയതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സ്‌കൂൾ അധികൃതർ ജില്ലാ വിദ്യാഭ്യാസ ഓഫിസർക്കും മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയതായും ജില്ലാ വിദ്യാഭ്യാസ ഓഫിസർ മണികണ്ഠൻ പറഞ്ഞു.