തൊടുപുഴ: പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് പോക്‌സോ കേസ് പ്രതി. അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ രണ്ടാനച്ഛനാണു തൊടുപുഴ പൊലീസ് സ്റ്റേഷനിൽ കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരുക്കേറ്റ ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. പ്രതിയുടെ പരുക്ക് ഗുരുതരമല്ല.

പൊലീസ് സ്റ്റേഷനിൽ ഇന്നലെ ഉച്ചയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വീട്ടിൽവെച്ച് രണ്ടാനച്ഛന്റെ പീഡനത്തിനിരയായ കുഞ്ഞിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തിരിച്ചറിയൽ പരേഡ് നടത്തുന്നതിനിടെ ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുക ആയിരുന്നു. ഒരു വർഷം മുൻപ് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) ഏറ്റെടുത്തിരുന്നു. പിന്നീട് അമ്മയുടെ ആവശ്യപ്രകാരം വീട്ടിലേക്കു മടങ്ങിയ കുട്ടി വീണ്ടും മാനസികപ്രശ്‌നങ്ങൾ കാട്ടിയതോടെ നടത്തിയ കൗൺസലിങ്ങിലാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.

തുടർന്ന് മാതാവ് സിഡബ്ല്യുസിയിൽ പരാതി നൽകി. ഇവരുടെ നിർദേശപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്കിടെ നെഞ്ചുവേദനയുണ്ടായ പ്രതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിനിടെയായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്.