തിരുവനന്തപുരം: സൗന്ദര്യവർധക വസ്തുക്കൾക്ക് അമിത വില ഈടാക്കുന്നതായുള്ള പരാതിയെത്തുടർന്ന് ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തി 16 സ്ഥാപനങ്ങൾക്കെതിരേ കേസെടുത്തു. രണ്ടുലക്ഷം രൂപ പിഴ ചുമത്തി.

പാക്കേജ്ഡ് കമ്മോദിറ്റീസ് റൂൾസ് പ്രകാരമുള്ള പ്രഖ്യാപനങ്ങൾ പായ്ക്കറ്റിന് പുറത്ത് രേഖപ്പെടുത്താതിരിക്കുക, എം.ആർ.പി. തിരുത്തി അധിക വില ഈടാക്കുക, ലീഗൽ മെട്രോളജി വകുപ്പിന്റെ അനുമതിയില്ലാതെ പായ്ക്ക് ചെയ്തതോ, ഇറക്കുമതി ചെയ്തതോ ആയ പായ്ക്കറ്റുകൾ വിൽക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

വരുംദിവസങ്ങളിലും മിന്നൽപ്പരിശോധനകൾ തുടരുമെന്ന് ലീഗൽ മെട്രോളജി കൺട്രോളർ വി.കെ.അബ്ദുൾ കാദർ അറിയിച്ചു. പരാതികൾ അറിയിക്കാൻ ഫോൺ: 9188918100, ഇ-മെയിൽ: clm.lmd@kerala.gov.in.'സുതാര്യം' മൊബൈൽ ആപ്ലിക്കേഷൻ വഴിയും പരാതിയറിയിക്കാം.