കരിപ്പൂർ: മഴയും കനത്ത മൂടൽമഞ്ഞും കരിപ്പൂരിലെ വ്യോമഗതാഗതം താറുമാറായി. ഏഴ് വിമാനങ്ങൾ തിരിച്ചുവിട്ടു. ഒട്ടേറെ സർവീസുകൾ മണിക്കൂറുകൾ വൈകി. ബുധനാഴ്ച രാവിലെ 6.55-നും 8.20-നും ഇടയിലുള്ള സർവീസുകളാണ് മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടത്. എയർ ഇന്ത്യ എക്സ്‌പ്രസിന്റെ അബുദാബി-കോഴിക്കോട്, ദമാം-കോഴിക്കോട്, മസ്‌കറ്റ്-കോഴിക്കോട്, ഷാർജ-കോഴിക്കോട്, ഒമാൻ എയറിന്റെ മസ്‌കറ്റ്-കോഴിക്കോട്, ഇൻഡിഗോ എയറിന്റെ ദുബായ്-കോഴിക്കോട്, ദമാം-കോഴിക്കോട്, ഫ്‌ളൈനാസിന്റെ റിയാദ്-കോഴിക്കോട് സർവീസുകളാണ് തിരിച്ചുവിട്ടത്.

കൊച്ചി, കോയമ്പത്തൂർ ബെംഗളൂരു വിമാനത്താവളങ്ങളിലേക്കാണ് ഇവ തിരിച്ചുവിട്ടത്. കാലാവസ്ഥ അനുകൂലമായതോടെ ഇവ കോഴിക്കോട് മടങ്ങിയെത്തി. ഒമാൻ എയർ സർവീസിന്റെ യാത്ര മുടങ്ങി. പൈലറ്റിന്റെ ജോലിസമയം തീർന്നതാണു കാരണം. യാത്രക്കാരെ ഹോട്ടലുകളിലേക്കു മാറ്റി. ഈ വിമാനം വ്യാഴാഴ്ച പുലർച്ചെ 3.30-ന് മസ്‌കറ്റിലേക്കു തിരിക്കും.