കൊൽക്കത്ത: ഉത്തർപ്രദേശിലെ വാരാണസിക്കും പശ്ചിമബംഗാളിലെ ഹൗറയ്ക്കും ഇടയിൽ പുതിയ മിനി വന്ദേഭാരത് സർവീസ് ആരംഭിച്ചു. മണിക്കൂറിൽ 130 മുതൽ 160 വരെ കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കുന്നതാണ് തീവണ്ടി. ഈ ട്രെയിനിൽ ആറ് മണിക്കൂർ കൊണ്ട് വാരാണസിയിൽ നിന്ന് കൊൽക്കത്തയിലേക്ക് എത്തും. വാരാണസിയിൽ നിന്നും രാജ്യത്തെ മറ്റ് നഗരത്തിലേക്കുള്ള അഞ്ചാമത്തെ വന്ദേഭാരത് എക്സ്പ്രസാണിത്. കിഴക്കൻ സംസ്ഥാനങ്ങളും വടക്കൻ സംസ്ഥാനങ്ങളും തമ്മിലുള്ള ട്രെയിൻ കണക്ടിവിറ്റി വർധിപ്പിക്കാൻ സഹായിക്കുന്നതാണ് പുതിയ മിനി വന്ദേഭാരത്.

ന്യൂഡൽഹിയിലേക്ക് രണ്ടും പട്നയിലേക്കും റാഞ്ചിയിലേക്കും ഓരോന്ന് വീതവും വന്ദേഭാരത് എക്സ്പ്രസുകൾ വാരാണസിയിൽ നിന്ന് പുറപ്പെടുന്നുണ്ട്. വാരാണസി ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മിനി വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഹൗറയിലേക്ക് പുറപ്പെടുക. ചെയർകാറുകളും സ്ലീപ്പറുകളും അടക്കം എട്ട് കോച്ചുകളാണ് മിനി വന്ദേഭാരത് എക്സ്പ്രസിലുള്ളത്.