തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ സുസ്ഥിര മാലിന്യ സംസ്‌കരണം പ്രധാന അജണ്ടയാകട്ടെയെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള സുസ്ഥിര മാലിന്യ സംസ്‌കരണ യജ്ഞം രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ അതിനു ആക്കം കൂട്ടാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ജില്ലാതല പ്രവർത്തകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ അഡ്‌മിനിസ്‌ട്രേഷൻ (കില) സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാന കർത്തവ്യങ്ങളിൽ ഒന്നാണ് മാലിന്യ സംസ്‌കരണം. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുമ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ പ്രകടനം ജനങ്ങൾക്ക് വിലയിരുത്തുന്നതിനുള്ള പ്രധാന മാനദണ്ഡമായി മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾ മാറുമെന്നും രാജേഷ് പറഞ്ഞു.

മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ആദ്യ വർഷത്തിൽ തന്നെ മാലിന്യ സംസ്‌കരണത്തിൽ പ്രശംസനീയമായ പുരോഗതി കൈവരിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്നത് അഭിനന്ദനാർഹമാണ്. വരും ദിവസങ്ങളിൽ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതിനാൽ ഈ പുരോഗതി അലംഭാവത്തിനു കാരണമാകരുതെന്നും മന്ത്രി പറഞ്ഞു. പ്രചാരണത്തിന്റെ വിജയത്തിനു പിന്നിൽ താഴേത്തട്ടിലുള്ള പ്രവർത്തകർക്ക് വലിയ പങ്കുണ്ട്. പ്രചാരണം രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ അവരുടെ നിസീമമായ സഹകരണം പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നല്ല മാറ്റം സൃഷ്ടിക്കാൻ മാലിന്യ മുക്ത നവകേരളം കാമ്പയിനിലൂടെ സാധിച്ചിട്ടുണ്ട്. എന്നാൽ ആത്യന്തിക ലക്ഷ്യം കൈവരിക്കുന്നതിന് 2024-25 ലും ആ പ്രവർത്തനരീതി നിലനിർത്തേണ്ടതുണ്ട്. കഴിഞ്ഞ വർഷത്തെ അനുഭവങ്ങൾ വിലയിരുത്തി കൂടുതൽ മെച്ചപ്പെടുത്തേണ്ട മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാലിന്യ സംസ്‌കരണ രീതികളിൽ ജനങ്ങളുടെ മനോഭാവം മാറാതെ നൂറ് ശതമാനം വിജയവും സുസ്ഥിരതയും കൈവരിക്കാനാകില്ല. ജനകീയാസൂത്രണത്തിന് സമാനമായ ഒരു ബഹുജന മുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യമാണ്. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പങ്കാളിത്തത്തോടെ കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് ആവശ്യമാണ്. ശരിയായ നിരീക്ഷണവും സമയബന്ധിതമായ ഇടപെടലുകളും ഉറപ്പാക്കാൻ സമ്പൂർണ ഡിജിറ്റൈസേഷനിലൂടെ സാധിക്കും. സാനിറ്ററി മാലിന്യങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എൽഎസ് ജിഡി അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, എൽഎസ് ജിഡി പ്രിൻസിപ്പൽ ഡയറക്ടർ സാംബശിവ റാവു, എൽഎസ് ജിഡി സ്‌പെഷ്യൽ സെക്രട്ടറി അനുപമ .ടി വി, ശുചിത്വ മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ യു വി. ജോസ്, കില ഡിജി ജോയ് ഇളമൺ, ക്ലീൻ കേരള കമ്പനി എംഡി ജി. സുരേഷ് കുമാർ, എൽഎസ് ജിഡി ചീഫ് എഞ്ചിനീയർ സന്ദീപ് .എസ് എന്നിവരും സന്നിഹിതരായിരുന്നു.