ആലത്തൂർ: എരിമയൂർ മന്ദത്ത് ഭഗവതി വേട്ടക്കരുമൻ ക്ഷേത്രത്തിലെ നാല് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് മോഷണം. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. അഞ്ച് മണിക്ക് മേൽശാന്തി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അദ്ദേഹം ദേവസ്വം ജീവനക്കാരെ വിവരം അറിയിച്ചു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുടർന്ന് ആലത്തൂർ പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.

ക്ഷേത്രത്തിലെ ഒമ്പത് ഭണ്ഡാരങ്ങളിൽ നാലെണ്ണമാണ് കുത്തിത്തുറന്നത്. ക്ഷേത്രത്തിനകത്തെ മൂന്നെണ്ണവും ഗണപതി ക്ഷേത്രത്തിനു മുന്നിലെ ഒരെണ്ണവും തുറന്നു. ശ്രീകോവിലിന്റെ വാതിലും തുറക്കാൻ ശ്രമിച്ചു. ദേവസ്വം അധികാരികൾ കഴിഞ്ഞ ആഴ്ച ഭണ്ഡാരങ്ങൾ തുറന്ന് കാണിക്ക ശേഖരിച്ചതിനാൽ അയ്യായിരം രൂപയിൽ കൂടുതൽ നഷ്ടപ്പെട്ടിട്ടുണ്ടാകില്ലെന്നാണ് നിഗമനം. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി ആലത്തൂർ പൊലീസ് പറഞ്ഞു.