- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബസിനു മുന്നിൽ ‘ആളാവാൻ നോക്കി’; കാർ ഡ്രൈവർക്ക് പിഴ 25,000 രൂപ
കാക്കനാട്: സ്വകാര്യ ബസിനു മുന്നിൽ അഭ്യാസ പ്രകടനം നടത്തിയ കാർ ഡ്രൈവറെ കയ്യൊടെ പൊക്കി പിഴയിട്ട് എംവിഡി. കാക്കനാടുനിന്നും എറണാകുളത്തേക്ക് പോയ സ്വകാര്യ ബസിനു മുന്നിൽ കലൂർ സ്റ്റേഡിയം മുതൽ മാർഗതടസ്സവുമായി എത്തിയ കാറുകാരനാണ് പണി ചോദിച്ച് മേടിച്ചത്. പിഴയിട്ടതിനു പുറമേ കാറിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാനും ആർ.ടി.ഒ. നിർദേശിച്ചു.
സ്വകാര്യ ബസ് വലത്തോട്ടും ഇടത്തോട്ടും അലക്ഷ്യമായി തിരിക്കുന്നതും മറിക്കുന്നതും കണ്ടാണ് എംവിഡി ഉദ്യോഗസ്ഥർ ബസിനെ പിന്തുടർന്നത്. മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തത്ര വേഗം കുറച്ചും കൂട്ടിയും ആയിരുന്നു സ്വകാര്യ ബസിന്റെ യാത്ര. പിന്നെ ഹോണടിച്ചായി യാത്ര. ബസ് ജീവനക്കാരന്റെ അഭ്യാസപ്രകടനം കാറിൽ പിന്നാലെയുണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ക്യാമറയിൽ ചിത്രീകരിച്ചു. എന്നാൽ ബസിന്റെ അലക്ഷ്യമായ മെല്ലെപോക്ക് കണ്ട് കാര്യമെന്തെന്നറിയാൻ ബസിന്റെ മുന്നിലെത്തിയപ്പോഴായിരുന്നു ട്വിസ്റ്റ്.
സ്വകാര്യ ബസിന്റെ മുന്നിൽ തടസ്സം സൃഷ്ടിച്ച് കാർ ഡ്രൈവർ നടത്തിയ അഭ്യാസപ്രകടനത്തിൽനിന്ന് രക്ഷപ്പെടാനായിരുന്നു ബസിന്റെ ശ്രമം. ഇതോടെ ഇൻസ്‌പെക്ടർ കാർ തടഞ്ഞിട്ടു. എറണാകുളം സ്വദേശിയായ കാർ ഡ്രൈവർ റിനോയ് സെബാസ്റ്റ്യന് 25,000 രൂപ പിഴചുമത്തി. കാറിന്റെ രജിസ്ട്രേഷൻ താത്കാലികമായി റദ്ദാക്കാനും ആർ.ടി.ഒ. കെ. മനോജ് നിർദേശിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് 6.30-ഓടെയാണ് ബസിനെ കടത്തിവിടാതെ കാർ ഡ്രൈവറുടെ മാസ് പ്രകടനം.
കലൂർ സ്റ്റേഡിയം മുതലാണ് മാർഗ തടസ്സവുമായി കാറെത്തുന്നത്. റിനോയിക്കൊപ്പം സുഹൃത്തുമുണ്ടായിരുന്നു. കലൂർ, മണപ്പാട്ടിപ്പറമ്പ് സിഗ്‌നലുകളിൽ ബസിനെ തടഞ്ഞിടാനും കാർ ഡ്രൈവർ ശ്രമിച്ചു. ലിസി ജങ്ഷനിൽ കാറിനെ മറികടന്നുപോയ ബസിനെ പിന്തുടർന്ന് വലതുവശം ചേർന്ന് തെറ്റായദിശയിൽ കാർ എത്തുന്നതുകണ്ട് അപകടമൊഴിവാക്കാൻ ഡ്രൈവർ ബ്രേക്ക് ചവിട്ടിയപ്പോൾ തൊട്ടുമുൻപിലെ മറ്റൊരു കാറിൽ ബസിടിച്ചു.
തുടർന്ന് പിന്നാലെയെത്തിയ റിനോയ് സെബാസ്റ്റ്യനും സുഹൃത്തും ബസ് ഡ്രൈവറെ മർദിച്ചു. പിന്നാലെയെത്തിയ എറണാകുളം ആർ.ടി. ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എ.ആർ. രാജേഷ് കാർ ഡ്രൈവറെ കൈയോടെ പൊക്കി.
പരിശോധനയിൽ ഗതാഗത തടസ്സമുണ്ടാക്കിയ യുവാക്കളുടെ കാറിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച പത്തോളം ലൈറ്റുകളും സൺഗ്ലാസുകളും കണ്ടെത്തി. കാറിലെ നമ്പർ പ്ലേറ്റ്, ബംബർ എന്നിവ നിയമവിരുദ്ധമായ രീതിയിലായിരുന്നു. ബസ് ഡ്രൈവറുടെ വിശദീകരണം കേട്ടശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.