ചിങ്ങവനം: ബൈക്ക് പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ തമ്മിലടിച്ചു. തർക്കം മുറുകുന്നതിനിടെ ഉന്തും തള്ളും നടക്കുമ്പോൾ ജനലിൽ തലയടിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഡോൺബോസ്‌കോ, സുധീഷ്‌കുമാർ എന്നീ സിവിൽ പൊലീസ് ഉദ്യോഗസ്ഥരാണ് തമ്മിലടിച്ചത്. ഇവരെ അന്വേഷണവിധേയമായി ജില്ലാ പൊലീസ് മേധാവി സസ്‌പെൻഡുചെയ്തു.

ശനിയാഴ്ച ഉച്ചയോടെ സ്റ്റേഷനുള്ളിലാണ് സംഭവം. ബൈക്ക് പാർക്കുചെയ്യുന്നതിനെച്ചൊല്ലി, മറ്റ് രണ്ട് ഉദ്യോഗസ്ഥർ തമ്മിൽ നേരത്തെ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഇവർ രണ്ടുപേരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് കൈയാങ്കളിയിലേക്ക് എത്തുകയായിരുന്നു.

തലയ്ക്ക് പരിക്കേറ്റ ഡോൺബോസ്‌കോ എസ്‌ഐ.യോട് പരാതിപ്പെട്ട ശേഷം സ്റ്റേഷനിൽനിന്ന് പുറത്തേയ്ക്ക് ഓടി. പിന്നാലെ എത്തിയ പൊലീസുകാർ ഇദ്ദേഹത്തെ ജീപ്പിൽ കയറ്റി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.