കൊച്ചി: കണ്ടല കോ-ഓപ്പറേറ്റീവ് ബാങ്കിലെ രോഗിയായ സ്ഥിരംനിക്ഷേപകന്റെ പണം ഉടൻ തിരികെ നൽകാൻ ഹൈക്കോടതി ബാങ്കിന് നിർദ്ദേശം നൽകി. നിക്ഷേപം എന്ന് തിരികെ നൽകാൻ കഴിയുമെന്ന് അറിയിക്കണമെന്ന് ബാങ്കിന് നിർദ്ദേശം നൽകിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇതിനായി ഹർജി 19-ന് പരിഗണിക്കാൻ മാറ്റി.

തിരുവനന്തപുരം സ്വദേശിയായ 75-കാരന്റെ ഹർജിയിലാണ് കോടതി വിധി. എയർഫോഴ്സിൽ ജോലി ചെയ്തിരുന്ന തന്റെ മകൻ മരിച്ചതിനെത്തുടർന്ന് സഹായധനമായി ലഭിച്ച 25 ലക്ഷം രൂപ കണ്ടല ബാങ്കിൽ നിക്ഷേപിച്ചത്. നിലവിൽ രോഗങ്ങളാൽ വലയുന്ന ഹർജിക്കാരന് ചികിത്സാ ആവശ്യത്തിനായി പണം ആവശ്യമാണ്. എന്നാൽ ബാങ്ക് നിക്ഷേപത്തുക തിരികെ നൽകാൻ തയ്യാറായില്ല. തുടർന്നാണ് നിക്ഷേപം എത്രയും വേഗം തിരികെ നൽകേണ്ടതുണ്ടെന്ന് കോടതി പറഞ്ഞത്.

എന്നാൽ ബാങ്കിന്റെ പ്രസിഡന്റായിരുന്ന എൻ. ഭാസുരാംഗൻ നിലവിൽ ജയിലിലാണെന്ന് സർക്കാർ അറിയിച്ചു. ബാങ്കിലെ ക്രമക്കേടിനെക്കുറിച്ച് പൊലീസും ഇ.ഡി.യും അന്വേഷണം നടത്തുന്നുണ്ടെന്നും വിശദീകരിച്ചു. തുടർന്നാണ് എന്ന് തുക തിരികെ നൽകുമെന്ന് അറിയിക്കണമെന്ന് കോടതി നിർദേശിച്ചത്.