ലഹോർ: പാക്കിസ്ഥാനിൽ 12 വയസ്സുകാരിയെ 72കാരന് വിവാഹം ചെയ്തുനൽകാനുള്ള ശ്രമം പൊലീസെത്തി തടഞ്ഞു. 72കാരനായ വരനിൽ നിന്നും പണം വാങ്ങി പെൺകുട്ടിയുടെ പിതാവാണ് വിവാഹത്തിന് നേതൃത്വം നൽകിയത്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചാർസഡ്ഡാ നഗരത്തിലാണ് സംഭവം. 72കാരനായ ഹബീബ് ഖാൻ എന്നയാളെ വിവാഹം ചെയ്യാൻ 12കാരിയായ പെൺകുട്ടിയെ പിതാവാണ് നിർബന്ധിച്ചതെന്ന് പൊലീസ് പറഞ്ഞു.

വിവരമറിഞ്ഞെത്തിയ പൊലീസ് വിവാഹം നടക്കുന്നതിനു മുൻപ് പെൺകുട്ടിയെ രക്ഷപ്പെടുത്തി. ഹബീബ് ഖാനെയും നിക്കാഹിന് കാർമികത്വം വഹിക്കാനെത്തിയ ആളെയും കസ്റ്റഡിയിലെടുത്തു. വിവാഹം നടത്തുന്നതിനായി അഞ്ച് ലക്ഷം പാക്കിസ്ഥാനി രൂപയാണ് ഹബീബ് ഖാനിൽനിന്ന് പെൺകുട്ടിയുടെ പിതാവായ ആലം സയ്യീദ് കൈപ്പറ്റിയത്. കുട്ടിയെ ഹബീബിന് കൈമാറാമെന്ന വ്യവസ്ഥയിലായിരുന്നു ഇത്.

പൊലീസ് എത്തിയതോടെ ആലം സയ്യീദ് സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഇയാൾക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തു.