തൃശ്ശൂർ/ മണ്ണുത്തി: വാഹനമിടിച്ച് പരിക്കുപറ്റിയ ആളെ റോഡിൽ ഉപേക്ഷിച്ച് കടന്ന ലോറി ഡ്രൈവറെ ദിവസങ്ങൾക്ക് ശേഷം പിടികൂടി. കോയമ്പത്തൂർ നരസിംഹനായ്ക്കൻ പാളയം സ്വദേശി സതീഷ്‌കുമാറിനെയാണ് വാഹനമടക്കം മണ്ണുത്തി പൊലീസ് പിടികൂടുയത്. ഈ മാസം എട്ടിനായിരുന്നു സംഭവം. രാത്രി 7.50-ന് മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധിയിലെ വെട്ടിക്കലിൽ വാഹനാപകടത്തിൽ പരിക്കുപറ്റി ഒരാൾ റോഡിൽ കിടക്കുന്നതായി സന്ദേശം ലഭിച്ചതനുസരിച്ച് മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി.

പരിക്കേറ്റയാളെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മുല്ലക്കര സ്വദേശി മോഹനൻ (67) ആണ് മരിച്ചത്. പൊലീസിന്റെ പ്രാഥമികപരിശോധനയിൽ വാഹനം ഇടിച്ചശേഷം നിർത്താതെ പോയതാണെന്ന് മനസ്സിലായി. തുടർന്ന് മണ്ണുത്തി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ.കെ. സജീഷിന്റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അപകടമുണ്ടാക്കിയത് കണ്ടെയ്‌നർ ലോറിയാണെന്ന സൂചന മാത്രമാണ് ആദ്യം ഉണ്ടായിരുന്നത്.

മേഖലയിൽ കനത്ത മഴ ഉണ്ടായിരുന്നതിനാൽ വാഹനത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി. അപകടമുണ്ടാക്കിയെന്ന് സംശയിക്കുന്ന വാഹനത്തോട് സാമ്യമുള്ള നൂറിലേറെ വാഹനങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടിച്ചത്. മണ്ണുത്തി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ.കെ. സജീഷ്, ജെയ്‌നോ, രാംകുമാർ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.