- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആകാശും ഓർമയായി: കണ്ണീരണിഞ്ഞ് നാട്ടുകാരുടെ വിട
പന്തളം: കുവൈറ്റിലെ അഗ്‌നിബാധയിൽ ജീവൻ നഷ്ടമായ പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭാലയത്തിൽ ആകാശിന് കണ്ണീരോടെ യാത്രാമൊഴി. മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ കൂടി നിന്നവർ ദുഃഖം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞു. ഇടപ്പോണിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ വീട്ടിൽ കൊണ്ടു വന്നു.
പന്തളം എസ്.എച്ച്.ഓ പ്രജീഷ് ശശിയുടെ നിയന്ത്രണമുള്ള പൊലീസ് സംഘത്തിന്റെ അകമ്പടിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ആകാശിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ ഒട്ടേറെപ്പേരാണ് ആശുപത്രിയിൽ നിന്നും വിലാപയാത്രയിൽ അണിനിരന്നത്. രാവിലെ മുതൽ വീട്ടിലെത്തിച്ച മൃതദേഹം കാണുവാൻ വൻ ജനാവലിയാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. രാവിലെ 11 മുതൽ പൊതുദർശനം ആരംഭിച്ചതുമുതൽ ആയിരങ്ങളാണ് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്.
മന്ത്രി സജി ചെറിയാൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി, തുടങ്ങി സാമൂഹ്യ, മത, സാംസ്‌കാരിക മേഖലകളിലെ അനവധിപേർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. ജില്ലാ ഭരണകൂടത്തിനുവേണ്ടി അടൂർ ആർഡിഒ വി. ജയമോഹൻ അന്തിമോപചാരമർപ്പിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ സഹോദരി ശാരിയുടെ മകൻ അശ്വിൻ ചിതയ്ക്ക് തീകൊളുത്തി.