ഗൂഡല്ലൂർ: പ്രായപൂർത്തിയാവാത്ത ഗോത്രവർഗ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഘം തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ പിടിയിലാകുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മലപ്പുറം സ്വദേശികളായ സ്ത്രീകൾ ഉൾപ്പെട്ട സംഘത്തെ നാട്ടുകാരാണ് പിടികൂടിയത്. ഇവരെ പിന്നീട് പൊലീസിന് കൈമാറി. മലപ്പുറം പൂക്കോട്ടൂർ വെളിയം കടവ് സ്വദേശികളായ സുനീറ (38), മുബാരീസ (40), ഫിറോസ് (32) എന്നിവരെയാണ് ഗൂഡല്ലൂർ പൊലീസ് അറസ്റ്റു ചെയ്തത്. വൻ മാഫിയ ഇവർക്ക് പിന്നിലുണ്ടെന്നാണ് സൂചന.

ഇന്നോവ കാറിലെത്തിയാണ് സംഘം കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ശ്രീമധുര പഞ്ചായത്തിലെ ചേമുണ്ഡി, മേനമ്പലം എന്നിവിടങ്ങളിലെ 11, 14, 15 വയസുള്ള പെൺകുട്ടികളെ രക്ഷിതാക്കൾ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി വീട്ടുജോലിയാവശ്യത്തിനെന്ന് പറഞ്ഞ് കൊണ്ടുപോകാനെത്തിയവരാണ് പിടിയിലായത്. ഊട്ടി ചിൽഡ്രൻ വെൽഫയർ ബോർഡ് നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. ചേമുണ്ഡി കോളനിയിൽ നിന്നും കുട്ടികളുമായി വാഹനത്തിൽ പോകുന്നതിനിടെ സിപിഎം. പ്രാദേശിക നേതാവ് സി.കെ.മണിയുടെ നേതൃത്വത്തിൽ നാട്ടുകാർ വാഹനം തടയുകയും ചെന്നൈയിലെ ബാലാവകാശ ക്ഷേമ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഊട്ടിയിൽ നിന്നെത്തിയ ബാലാവകാശ ക്ഷേമ വകുപ്പ് അധികൃതർ പെൺകുട്ടികളെ ഊട്ടിയിലെ ജുവനൈൽ ഹോമിലേയ്ക്ക് മാറ്റി. കളക്ടറും അരുണയും സംഭവത്തിൽ ഇടപെട്ടു.

തുടർന്ന് പൊലീസ് മലപ്പുറം സ്വദേശികൾക്കെതിരെ കേസെടുക്കുകയായിരുന്നു. മേഖലയിൽ നിന്നും നേരത്തെ ഇത്തരത്തിൽ പെൺകുട്ടികളെ വീട്ടുജോലിക്കുൾപ്പെടെ കൊണ്ടു പോകുന്നതിനെതിരെ വാർഡുതല അയൽക്കൂട്ടങ്ങളിൽ പരാതി ഉയർന്നിരുന്നു.