കൊച്ചി: ഉത്തരേന്ത്യയിൽ നിന്നും സംസ്ഥാനത്തേക്കു ലഹരി ഒഴുക്കുന്നതിൽ പ്രധാനിയായ 'ബംഗാളി ബീവി' എക്‌സൈസിന്റെ വലയിൽ. ബംഗാൾ നോവപാറ മാധവ്പൂർ സ്വദേശിനി ടാനിയ പർവീൺ(18) ആണ് അറസ്റ്റിലായത്. ഉത്തരേന്ത്യയിൽനിന്നു കേരളത്തിലേക്കു വൻ തോതിൽ ലഹരി എത്തിക്കുന്ന സംഘത്തിലെ അംഗമാണു ബംഗാളി ബീവി എന്ന് ഇടപാടുകാർക്കിടയിൽ വിളിപ്പേരുള്ള ടാനിയ.

പത്തു ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായാണ് ഇവർ പിടിയിലായത്. ഇവരുടെ സുഹൃത്തും ലഹരിക്കച്ചവടക്കാരനുമായ അസം നൗഗോൺ അബാഗൻ സ്വദേശി ബഹറുൾ ഇസ്ലാമും (കബൂത്തർ സേട്ട്-24) പിടിയിലായിട്ടുണ്ട്. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, എക്സൈസ് ഇന്റലിജൻസ്, എറണാകുളം സ്‌പെഷൽ സ്‌ക്വാഡ് എന്നിവർ ചേർന്നു നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്.

33 ഗ്രാം ഹെറോയിനും 25 ഗ്രാം കഞ്ചാവും ഇവരിൽ നിന്നു പിടിച്ചെടുത്തു. ഇടപാടുകാരുമായി ബന്ധപ്പെടാൻ ഉപയോഗിച്ച 2 സ്മാർട്ട് ഫോണുകൾ, ലഹരിമരുന്നു വിറ്റു കിട്ടിയ 19,500 രൂപ, ലഹരിമരുന്ന് തൂക്കി തിട്ടപ്പെടുത്താനുള്ള ഡിജിറ്റൽ സ്‌കെയിൽ എന്നിവയും ലഭിച്ചിട്ടുണ്ട്. അസം-ഭൂട്ടാൻ അതിർത്തിയിലെ കരീംഗഞ്ചിൽ നിന്നാണ് ലഹരി എത്തിച്ചിരുന്നത്.