കൊല്ലം: ഭാര്യക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ച് സ്‌റ്റേഷനിലെത്തിയ ഭർത്താവ് പൊലീസ് ജീപ്പുകളുടെ ചില്ല് അടിച്ചുതകർത്തു. സംഭവത്തിൽ ചിതറ പുതുശ്ശേരി ലളിതാഭവനിൽ ധർമദാസി(52)നെ പൊലീസ് അറസ്റ്റ് ചെയ്തു. ചിതറ സ്റ്റേഷനിൽ ഞായറാഴ്ച രാവിലെ 5.45-നാണ് സംഭവം.

വസ്തു കിട്ടിയ പണത്തിൽ നിന്നും മൂന്ന് ലക്ഷം രൂപ ഭാര്യ സിമി മോഷ്ടിച്ചെന്നാണ് ധർമദാസ് ആരോപിക്കുന്നത്. ഭാര്യ സിമിയും മക്കളും ഉൾപ്പെട്ടതാണ് ധർമദാസിന്റെ കുടുംബം. ഒരുവർഷംമുൻപ് ഇവരുടെ വസ്തു വിറ്റു കിട്ടിയതിൽനിന്നു മൂന്നുലക്ഷം രൂപ വീട്ടിൽ സൂക്ഷിച്ചിരുന്നു. ഈ തുക സിമി എടുത്ത് അവരുടെ വീട്ടുകാർക്ക് നൽകിയെന്നും ഭാര്യയുടെ പേരിൽ മോഷണത്തിന് കേസെടുക്കണമെന്നും കാട്ടി ധർമദാസ് കഴിഞ്ഞദിവസം ചിതറ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് രണ്ടുപേരെയും വിളിച്ചുവരുത്തി അന്വേഷണം നടത്തി.

ധാരാളിയായ ഭർത്താവ് അറിയാതെ സിമി തുക മക്കളുടെ പേരിൽ പോസ്റ്റ് ഓഫീസിൽ സുകന്യ അക്കൗണ്ടിൽ സ്ഥിരനിക്ഷേപം നടത്തിയിരുന്നു. ഇതിന്റെ രേഖകൾ പൊലീസിനെ കാട്ടിയതിനെത്തുടർന്ന് ധർമദാസിനെ കാര്യംപറഞ്ഞു ബോധ്യപ്പെടുത്തുകയും ഇരുവരെയും പറഞ്ഞയയ്ക്കുകയും ചെയ്തു. എന്നാൽ തനിക്ക് നീതി കിട്ടിയില്ലെന്നും ഭാര്യയുടെപേരിൽ മോഷണത്തിന് കേസെടുക്കണമെന്നും വാശിപിടിച്ച് രാവിലെ സ്റ്റേഷനിലെത്തിയ ധർമദാസ് സ്റ്റേഷനു മുന്നിലുണ്ടായിരുന്ന രണ്ട് ജീപ്പുകളുടെ ചില്ല് കളമാന്തി ഉപയോഗിച്ച് അടിച്ചുപൊട്ടിച്ചു. ശബ്ദംകേട്ട് ഓടിയെത്തിയ പൊലീസുകാർ രക്ഷപ്പെടാൻ ശ്രമിച്ച ധർമദാസിനെ കസ്റ്റഡിയിലെടുത്തു. 12,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിന് ഇയാളുടെപേരിൽ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.