- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വ്യാജരേഖകൾ ഉപയോഗിച്ച് പാസ്പോർട്ട്: രണ്ടുപേർ അറസ്റ്റിൽ
കഴക്കൂട്ടം: മരിച്ചവരുടെ രേഖകൾ ഉപയോഗിച്ച് ക്രിമിനൽ കേസിലെ പ്രതികൾക്കുൾപ്പെടെ പാസ്പോർട്ട് എടുത്തുകൊടുത്ത കേസിൽ മുഖ്യസൂത്രധാരനടക്കം രണ്ടുപേരെ തുമ്പ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ സഹായിച്ചതിന് സസ്‌പെൻഡ് ചെയ്ത പൊലീസുകാരനെയും കേസിൽ പ്രതിചേർത്തു. തുമ്പ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ വെമ്പായം സ്വദേശി അൻസിൽ അസീസിനെയാണ് മൂന്ന് കേസുകളിൽ പ്രതിചേർത്തത്.
വ്യാജരേഖ നിർമ്മിച്ചുനൽകുന്ന കാട്ടാക്കട വിഴവൂർ കൃപാഭവനിൽ കമലേഷ്(39), കഴക്കൂട്ടം സെയ്ന്റ് ജോസഫ്‌സ് പള്ളിക്കു സമീപം പ്രശാന്ത് ഭവനിൽ പ്രശാന്ത്(40) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പൊലീസുകാരൻ അൻസിൽ അസീസ്, മറ്റുപ്രതികളായ മൺവിളയിൽ ട്രാവൽ ഏജൻസി നടത്തുന്ന മനോജ്, കൊല്ലം സ്വദേശി സുനിൽ എന്നിവരും ഒളിവിലാണ്.
വ്യാജരേഖ ഉപയോഗിച്ച് പാസ്പോർട്ട് നേടാൻ ശ്രമിച്ച നാലുപേർ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായിരുന്നു. തുമ്പ പൊലീസ് സ്റ്റേഷനിലെ പാസ്പോർട്ട് വെരിഫിക്കേഷന്റെ ചുമതലയുള്ള അൻസിൽ നൽകിയ മേൽവിലാസങ്ങളിൽ പാസ്പോർട്ട് ഓഫീസർക്ക് സംശയം തോന്നുകയും വീണ്ടും പരിശോധനയ്ക്കായി തുമ്പ പൊലീസിനു നൽകുകയും ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മതിയായ രേഖകൾ ഇല്ലാത്ത, ക്രിമിനൽ കേസുകളിൽപ്പെട്ട ആളുകൾക്ക് പാസ്പോർട്ട് എടുക്കാൻ സി.പി.ഒ. അൻസിൽ ഒത്താശ ചെയ്തതായി കണ്ടെത്തിയത്.
കമലേഷ് തയ്യാറാക്കിയ വ്യാജരേഖ ഉപയോഗിച്ച് പാസ്പോർട്ടിന് അപേക്ഷിച്ചവരുടെ ക്ലിയറൻസ് അൻസിൽ ചെയ്തുകൊടുക്കുകയായിരുന്നു പതിവ്. ഗുണ്ടകൾക്കും ഇങ്ങനെ വ്യാജ തിരിച്ചറിയൽ കാർഡ് നൽകിയതായി കണ്ടെത്തി. ഇത്തരത്തിൽ 20 പേരുടെ പാസ്പോർട്ടിൽ 15 എണ്ണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇയാൾ മുൻപ് ജോലി ചെയ്ത പൊലീസ് സ്റ്റേഷനുകളിലെ പാസ്പോർട്ട് വെരിഫിക്കേഷനും പൊലീസ് പരിശോധിക്കും.
ഒളിവിലായ പൊലീസുകാരനെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചതായി തുമ്പ പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഡി.ജി.പി.യുടെ ബാഡ്ജ് ഓഫ് ഓണർ അവാർഡു ലഭിച്ച പൊലീസുകാരനാണ് അൻസിൽ. ഇത്തവണത്തെ മുഖ്യമന്ത്രിയുടെ സേവാ മെഡലിനും അപേക്ഷ നൽകിയിരുന്നതായാണ് വിവരം.