കണ്ണൂർ: യാത്രക്കാരെയും നോക്കി പ്ലാറ്റ്ഫോമിൽ നടന്നുതളരുന്ന കൂലിപോർട്ടർമാർക്ക് ഇനി ഇരിക്കാം. പോർട്ടർമാർക്ക് ഇരിക്കാനായി റെയിൽവേ കസേരകൾ നൽകി. സഹായക് എന്ന ബോർഡും ഫോൺനമ്പർ പതിച്ച ബോർഡും ഉടനെവരും. യാത്രക്കാരുടെ പെട്ടികളെടുത്ത് വണ്ടിയിൽ കയറ്റാനും ഇറക്കാനും സഹായിക്കുന്ന പോർട്ടർമാർക്ക് ഇതുവരെ ഇരിപ്പിടം ഉണ്ടായിരുന്നില്ല. പാലക്കാട് ഡിവിഷനിലെ സ്റ്റേഷനുകളിലാണ് ആദ്യമായി ഈ സൗകര്യം ഒരുക്കിയത്. ഇത് എല്ലാ സ്റ്റേഷനിലേക്കും വ്യാപിപ്പിക്കും.

ജോലിക്കു കയറുംമുൻപ് സ്റ്റേഷന്മാസ്റ്ററുടെ മുറിയിലെ ബുക്കിൽ ഒപ്പിടണമെങ്കിലും ഇവർ റെയിൽവേ ജീവനക്കാരല്ല. ബാഗും പെട്ടികളും ചുമന്നുകൊണ്ടുപോയാൽ യാത്രക്കാർ നൽകുന്ന തുകയാണ് വരുമാനം. ട്രോളിബാഗ് വന്നതോടെ റെയിൽവേ സ്റ്റേഷനുകളിലെ പോർട്ടർമാർക്ക് പണികുറഞ്ഞു.

ക്ഷേമനിധി, പെൻഷൻ അടക്കം ഒരു ആനുകൂല്യവും ഇല്ല. ജോലിക്കിടയിൽ അസുഖം വന്നാൽ റെയിൽവേ ആശുപത്രിയിൽ ചികിത്സയും കിട്ടില്ല. യൂണിഫോം തുണിയും റെയിൽവേ ഇപ്പോൾ നൽകാറില്ലെന്ന് പോർട്ടർ ശ്രീഹരി തളിപ്പറമ്പ് പറഞ്ഞു.