കോഴിക്കോട്: കാഫിർ പോസ്റ്റ് വിഷയത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം കെ.കെ. ലതികയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. മത സ്പർധ വളർത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.പി. ദുൽകിഫിൽ ആണ് പരാതി നൽകിയത്. തൽകാലം ഈ പരാതിയിൽ കേസെടുക്കില്ല. മറ്റൊരു കേസ് ഈ വിഷയത്തിലുള്ളതിനാലാണ് ഇത്. ഈ കേസിന്റെ ഭാഗമായി ലതികയേയും ചോദ്യം ചെയ്തിരുന്നു. കാഫിർ എന്ന പോസ്റ്റ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടാണ് ഇത്.

ഫേസ്‌ബുക്ക് പോസ്റ്റിലൂടെ കെ.കെ. ലതിക ഷാഫി പറമ്പിലിനെ ഒരു മതത്തിന്റെ ആളായി ചിത്രീകരിച്ചു. ജനങ്ങളുടെ മനസ്സിൽ യുഡിഎഫ് സ്ഥാനാർത്ഥിയോട് അപ്രീതി ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടായി. ജനങ്ങൾക്ക് സ്ഥാനാർത്ഥിയോട് അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തിയാണ് കെ.കെ ലതികയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പരാതിയിൽ പറയുന്നു. കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.

കെ.കെ. ലതിക മുൻ എംഎൽഎ ആയിരുന്നതിനാലും ഒരുപാട് ആളുകളെ സ്വാധീനിക്കാൻ കഴിവുള്ള വ്യക്തി ആയതിനാലും മനപ്പൂർവം ഇത്തരം ഒരു പ്രവൃത്തി ചെയ്തതിനാൽ ഇന്ത്യൻ ശിക്ഷാനിയമം 153 എ വകുപ്പും ഇൻഫോർമേഷൻ ടെക്‌നോളജി ആക്ട് 259 എ പ്രകാരവും നടപടിയെടുക്കണമെന്നും ദുൽകിഫിൽ ആവശ്യപ്പെട്ടു. ലതികയ്ക്ക് നിയമപരമായ ശിക്ഷ ലഭിച്ചില്ലെങ്കിൽ മറ്റുള്ളവർക്കും ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യാൻ പ്രവണത ഉണ്ടാകുമെന്നും പരാതിയിൽ ചൂണ്ടികാണിക്കുന്നു.