കോട്ടയം: ഗാന്ധിനഗർ മെഡിക്കൽ കോളേജ് ചെമ്മനംപടിയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 20 പവൻ മോഷ്ടിച്ചു. ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ മൂന്നാറിൽ മകന്റെ വീട്ടിൽപോയ സമയത്താണ് മോഷണം.

തിങ്കളാഴ്ച രാവിലെ വീട്ടുകാർ മൂന്നാറിൽനിന്ന് തിരികെ എത്തിയപ്പോഴാണ് മോഷണം തിരിച്ചറിഞ്ഞത്. രണ്ടുനില വീടിന്റെ മുൻവാതിലിലെ ഒരു പാളി ഇളക്കിമാറ്റി മോഷ്ടാവ് വീടിനുള്ളിൽ കടക്കുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ച 20 പവൻ സ്വർണമാണ് മോഷണംപോയത്. വീടിനുള്ളിൽ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ലാപ്ടോപ്പോ മറ്റ് സാധനങ്ങളോ മോഷ്ടിച്ചിട്ടില്ല. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.