കൊല്ലം: കുണ്ടറയിൽ പത്തുവയസുകാരിക്ക് അച്ഛന്റ ക്രൂരമർദനം. കേരളപുരം സ്വദേശിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുണിമടക്കിവയ്ക്കാൻ താമസിച്ചത് ചോദ്യം ചെയ്തായിരന്നു മർദനം. കുട്ടിയുടെ തോളെല്ലിന് പരിക്കേറ്റു.

കട്ടിലിൽ കിടക്കുന്ന വസ്ത്രം കുട്ടി മടക്കിവയ്ക്കാൻ താമസിച്ചെന്ന് പറഞ്ഞാണ് പിതാവ് കുട്ടിയെ ക്രൂരമായി മർദിച്ചത്. കുട്ടിയുടെ തല കതകിൽ പല തവണ ഇടിച്ചതായും കാലിൽ പിടിച്ച് തറയിലേക്ക് എറിഞ്ഞതായും തോളിൽ ഇടിച്ചതായും പത്തുവയസുകാരി പൊലീസിൽ മൊഴി നൽകി. കൊലപാതകശ്രമം, കുട്ടികൾക്ക് എതിരായ അതിക്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാൾ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ഇതിന്റെ വിചാരണ തുടരുകയാണ്. കുട്ടിയുടെ പിതാവ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.