കണ്ണൂർ : പള്ളിക്കുന്നിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ സംഘർഷം പതിവായത് ജയിൽ വകുപ്പിന് തീരാ തലവേദനയാകുന്നു. ജയിൽ തടവുകാർ നിസാര കാരണങ്ങൾക്കായി ചേരിതിരിഞ്ഞു ഏറ്റുമുട്ടുന്നതും പ്രകോപിതരായി ജയിൽ ഉദ്യോഗസ്ഥരെ അക്രമിക്കുന്നതുമാണ് ജയിലിനുള്ളിലെ ക്രമസമാധാന നില വഷളാക്കുന്നത്.

കഴിഞ്ഞ ദിവസം ജയിൽജീവനക്കാരെ ആക്രമിച്ച റിമാൻഡ് തടവുകാരന്റെ പേരിൽ കണ്ണൂർ ടൗൺപൊലീസ് കേസെടുത്തിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ ബാര മീത്തൽ മാങ്ങാട്ടെ കെ.എം.ഹൗസിൽ അഹമ്മദ് റഷീദിന്റെ(33) പേരിലാണ് കേസെടുന്നത്. ഞായറാഴ്‌ച്ച രാവിലെ 11 ന് സെൻട്രൽ ജയിലിന്റെ ന്യൂബ്ലോക്കിലാണ് സംഭവം നടന്നത്.

അസി.പ്രിസൺ ഓഫീസർ അർജുൻ ചന്ദ്രൻ(32), ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ മഹേഷ്(33), ഖലീലു റഹ്‌മാൻ(36) എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. ആദ്യം അർജുൻ ചന്ദ്രനെ മർദ്ദിച്ച പ്രതി ബഹളം കേട്ടെത്തിയ മറ്റ് രണ്ടുപേരെയും അക്രമിക്കുകയായിരുന്നു. സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിലാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വനിതാജയിലിൽ രണ്ട് വിദേശ വനിതാ തടവുകാർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.

വനിതാജയിലിൽ സാംബിയ സ്വദേശികളായ തടവുകാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. റിമാൻഡ് തടവുകാരി ഷാരോൺ ചിഗ്വാസിക്കാണ് (33) പരിക്കേറ്റത്. ബിഷാല സോക്കോ (44) ആണ് മർദിച്ചതെന്ന് പറയുന്നു. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും പിന്നാലെ ഷാരോണിന്റെ അടിവയറിന് ചവിട്ടുകയും പ്ലേറ്റ് കൊണ്ട് വലതുകൈക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

പരിക്കേറ്റ തടവുകാരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വനിതാ ജയിൽ സൂപ്രണ്ട് ഇൻ ചാർജ് മൃദുല വി.നായരുടെ പരാതിയിലാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്.