കൊൽക്കത്ത: ഖരഗ്പുർ ഐ.ഐ.ടിയിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി ദേവിക പിള്ള(21)യെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ബയോസയൻസ് ആൻഡ് ബയോടെക്‌നോളജി മൂന്നാംവർഷ വിദ്യാർത്ഥിയാണ്. വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ ഖരഗ്പുരിലെ ആശുപത്രിലെത്തി മൃതദേഹം ഏറ്റുവാങ്ങി കേരളത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം സംസ്‌കരിക്കുമെന്നാണ് വിവരം.

സ്ഥാപനത്തിലെ സരോജിനി നായിഡു/ഇന്ദിരാഗാന്ധി ഹാൾ പരിസരത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു വിദ്യാർത്ഥിനിയുടെ മൃതദേഹമെന്ന് ഐഐടി ഖരഗ്പുർ അറിയിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

അന്വേഷണത്തോട് സ്ഥാപന അധികാരികൾ പൂർണമായും സഹകരിക്കും. 8.37 സി.ജി.പി.എയുള്ള പഠനത്തിൽ മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്നു ദേവിക. നിലവിൽ ബയോസയൻസ് ആൻഡ് ബയോടെക്‌നോളജി വിഭാ?ഗത്തിലെ പ്രൊഫസറുടെ കീഴിൽ സമ്മർ ഇന്റേൺഷിപ്പ് നടത്തുകയായിരുന്നുവെന്നും വിദ്യാഭ്യാസ സ്ഥാപനം പ്രസ്താവനയിൽ അറിയിച്ചു.

അന്വേഷണം പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ജീവനൊടുക്കാൻ തക്കതായ യാതൊരു പ്രശ്‌നങ്ങളും ദേവികയ്ക്ക് ഇല്ലായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.