തിരുവനന്തപുരം: 'പട്ടിക ജാതി-പട്ടിക വർഗം' എന്നൊക്കെ കേൾക്കുമ്പോൾ തന്നെ ചിലർക്ക് അലർജിയെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. തനിക്ക് ഈ വകുപ്പ് കിട്ടിയപ്പോൾ മോശം വകുപ്പാണെന്നും കുറച്ചുകൂടി വലിയവകുപ്പ് നൽകാമായിരുന്നെന്നും ചിലർ പറയുന്നതു കേട്ടു. ഇവർക്കുള്ള മറുപടി താൻ നിയമസഭയ്ക്കകത്തും പുറത്തും കൊടുത്തിട്ടുണ്ട്.

ലക്ഷക്കണക്കിന് പാവങ്ങളെ കൈപിടിച്ചുയർത്തലാണ് ലക്ഷ്യം. അതുകൊണ്ട് ഈ വകുപ്പാണ് കേരളത്തിലെ ഏറ്റവും വലിയ വകുപ്പ്. ഈ രീതിയിൽ സമൂഹത്തിന്റെ മനോഭാവം മാറണം. മനുഷ്യസാധ്യമായതെല്ലാം മൂന്നു വർഷംകൊണ്ട് ഈ പാവങ്ങൾക്കുവേണ്ടി ചെയ്യാനായി. എല്ലാ ആവശ്യങ്ങളും നിറവേറ്റി ഇനി ഫുൾ സ്റ്റോപ് എന്നത് പ്രയോഗമല്ലല്ലോ.

രാജിവെക്കുന്നത് പൂർണ തൃപ്തനായാണ്. പരമാവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഒരുവിധം എല്ലാം ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു. മന്ത്രി സ്ഥാനത്തുനിന്ന് രാജി സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.