- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂർഖനെ പോരാടി കൊന്ന് ഹീറോയായി കിട്ടു
കോട്ടയം: കാഴ്ചക്കുറവുള്ള തന്റെ പ്രിയപ്പെട്ട യജമാനനെ മൂർഖൻ പാമ്പിൽനിന്നും ജീവൻ പണയം വെച്ച് രക്ഷിച്ച് കിട്ടു. ചിറക്കടവ് സെന്റർ പറപ്പള്ളിത്താഴെ വീട്ടിലെ ശ്രീകുമാർ എന്ന 63-കാരന്റെ വീട്ടിലെ വളർത്തുനായയാണ് പത്തി വിടർത്തി നിന്ന മൂർഖനെ കടിച്ചു കീറി യജമാനനെ രക്ഷിച്ചത്. ജന്മനാ കാഴ്ചപരിമിതിയുള്ളയാളാണ് ശ്രീകുമാർ. വീടിന് സമീപത്തെ കുടിവെള്ളപദ്ധതിയുടെ പമ്പ് ഓപ്പറേറ്റർ ആയ ഇദ്ദേഹം ജോലിക്കുശേഷം വീട്ടുമുറ്റത്തേക്ക് നടന്നുവന്നപ്പോഴാണ് അടുക്കളവാതിൽക്കൽ പാമ്പ് കിടന്നത്.
പാമ്പിനെ ശ്രീകുമാർ ചവിട്ടും എന്ന് ഉറപ്പായപ്പോഴാണ് കിട്ടുവിന്റെ ഇടപെടൽ. അടുക്കളയ്ക്ക് അടുത്തായിരുന്നു കിട്ടുവിന്റെ കൂട്. ശ്രീകുമാർ പാമ്പിന് അടുത്തെത്തിയതോടെ അപകടം തിരിച്ചറിഞ്ഞ കിട്ടു നിർത്താതെ കുരച്ചു. എന്നാൽ നിഴൽപോലെ മാത്രം കാഴ്ചയുള്ള ശ്രീകുമാർ പാമ്പിനെ കണ്ടില്ല. കിട്ടുവിന്റെ കുരയുടെ ശക്തി കൂടിയതോടെ പാമ്പിന്റെ അടുത്തു നിന്ും തിരിഞ്ഞു നടന്ന് നായയുടെ കൂടുതുറന്നുകൊടുത്തു. കിട്ടു കുതറി എതിർദിശയിലേക്ക് പാഞ്ഞു. മുരൾച്ചയോടെ എന്തിനെയോ ആക്രമിക്കുകയാണെന്ന് മനസ്സിലായി. കിട്ടു എലിയെ പിടിക്കുകയാകുമെന്നാണ് കരുതിയത്.
ബഹളംകേട്ട്, ശ്രീകുമാറിന്റെ വാടകവീടിന്റെ ഉടമ, സമീപത്തുള്ള ശകുന്തൾ സ്റ്റോഴ്‌സിലെ പുരുഷോത്തമൻ നായർ എത്തിയപ്പോഴാണ് പാമ്പുമായി എതിരിടുന്ന കിട്ടുവിനെ കണ്ടത്. പത്തിവിടർത്തി കൊത്താൻ ശ്രമിച്ച മൂർഖനിൽനിന്ന് ചാടിമാറി നിമിഷനേരംകൊണ്ട് അതിനെ കടിച്ചുകുടഞ്ഞു. മുറിവേറ്റ പാമ്പ് ചത്തു. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം.
ഈ സമയം ശ്രീകുമാറിന്റെ ഭാര്യ രമാദേവി വീട്ടിലില്ലായിരുന്നു. കിട്ടുവിനെ ചേർത്തുപിടിച്ച് സംഭവം വിശദീകരിക്കുമ്പോൾ അവനോടുള്ള സ്‌നേഹം മുഴുവൻ വീട്ടുകാരുടെ വാക്കുകളിൽ നിറഞ്ഞു.
മക്കളായ ലാവണ്യ, ശരണ്യ എന്നിവരെ വിവാഹം ചെയ്തയച്ചു. ശ്രീകുമാറിന് ലൈഫ് പദ്ധതിയിൽ വീടുപണി പൂർത്തീകരിച്ചുവരുകയാണ്. ശസ്ത്രക്രിയ ചെയ്‌തെങ്കിലും കാഴ്ചയ്ക്ക് കാര്യമായ പുരോഗതിയില്ല. പതിവായി നടക്കുന്ന വഴിയിലൂടെ പരസഹായമില്ലാതെ സഞ്ചരിക്കാൻ ഇദ്ദേഹത്തിനാകും. അതിനാൽ പമ്പ് പ്രവർത്തിപ്പിക്കാൻ തനിയെ ആണ് പോകുന്നതെന്ന് രമാദേവി പറഞ്ഞു.