ഉദുമ: ബേക്കൽ കോട്ട സന്ദർശിക്കാനെത്തിയ യുവാവിനെയും പെൺസുഹൃത്തിനെയും ആക്രമിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതി ഒളിവിലാണ്. അറസ്റ്റിലായ പള്ളിക്കര ബേക്കൽ താഴെ കെ.കെ. ഹൗസിലെ അബ്ദുൾ വാഹിദ് (അബ്ദുൾ ബാസിത്-31), മൗവ്വൽ കോളനിയിലെ എം. ശ്രീജിത്ത് (23), ബേക്കൽകുന്ന് ഹദ്ദാദ് നഗറിലെ കെ.എം. അഹമ്മദ് കബീർ (30) എന്നിവരെയാണ് അറസ്റ്റ ചെയ്തത്. ഹോാസ്ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി-രണ്ട് മൂവരേയും റിമാൻഡ് ചെയ്തത്.

തിങ്കളാഴ്ച വൈകീട്ട് ബേക്കൽ കോട്ടയുടെ സമീപം കാർ പാർക്ക് ചെയ്യുമ്പോൾ കാറഡുക്ക നാരമ്പാടിയിലെ യുവാവും കൂട്ടുകാരിയുമാണ് ആക്രമണത്തിനിരയായത്. ഇരുചക്രവാഹനങ്ങളിൽ എത്തിയ നാലുപേർ പരാതിക്കാരുടെ കാർ തടഞ്ഞ് രണ്ടുപേരെയും വാഹനത്തിൽനിന്ന് വലിച്ച് പുറത്തിറക്കിയശേഷം ഭീഷണിപ്പെടുത്തി യുവാവിന്റെ സ്വർണ കൈചെയിനും യുവതിയുടെ ബാഗിലുണ്ടായിരുന്ന 5000 രൂപയും തട്ടിയെടുത്തുവെന്നാണ് പരാതി.

സംഭവത്തിന് പിന്നാലെ യുവാവ് അക്രമികൾ സഞ്ചരിച്ച ഒരു വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ പൊലീസിന് കൈമാറിയിരുന്നു. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച്, സംശയം തോന്നിയവരുടെ ചിത്രങ്ങൾ അക്രമത്തിനിരയായവരെ കാണിച്ചാണ് നാലുപേരെയും തിരിച്ചറിഞ്ഞത്. പൊലീസ് വ്യാപകമായി നടത്തിയ അന്വേഷണത്തിൽ രാത്രിതന്നെ ബേക്കലിൽവെച്ച് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.

അറസ്റ്റിലായവർക്കെതിരേ ബേക്കൽ സ്റ്റേഷനിൽ വേറെയും കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ബേക്കൽ ഇൻസ്‌പെക്ടർ എസ്. അരുൺഷാ, എസ്‌ഐ. വി.കെ. മനീഷ്, എഎസ്ഐ. ജോസഫ്, സിവിൽ പൊലീസ് ഓഫീസർമാരായ സുധീർ ബാബു, വിനീഷ്, രാകേഷ്, നിധിൻ, ഡ്രൈവർ സരീഷ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.